വീണ്ടും അര്‍ജന്‍റൈന്‍ വണ്ടര്‍കിഡ് ഗര്‍നാച്ചോ! അവസാനനിമിഷ ഗോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം

By Web TeamFirst Published Nov 14, 2022, 8:24 AM IST
Highlights

ഫ്രഞ്ച് ലീഗില്‍ ലോകകപ്പിന് മുന്‍പുള്ള അവസാന മത്സരത്തില്‍ പി എസ് ജിക്ക് തകര്‍പ്പന്‍ വിജയം. ഓക്‌സറേയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു.

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ ജയം. യുണൈറ്റഡ് ഇഞ്ചുറിടൈം ഗോളില്‍ ഫുള്‍ഹാമിനെ തോല്‍പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. യുവതാരം അലസാന്ദ്രോ ഗര്‍നാച്ചോ തൊണ്ണൂറ്റിമൂന്നാം മിനിറ്റിലാണ് യുണൈറ്റഡിന്റെ വിജയഗോള്‍ നേടിയത്. പതിനാലാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആദ്യഗോള്‍ നേടി. ഡാനിയേല്‍ ജയിംസാണ് ഫുള്‍ഹാമിന്റെ സ്‌കോറര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

പിഎസ്ജിക്ക് ജയം 

ഫ്രഞ്ച് ലീഗില്‍ ലോകകപ്പിന് മുന്‍പുള്ള അവസാന മത്സരത്തില്‍ പി എസ് ജിക്ക് തകര്‍പ്പന്‍ വിജയം. ഓക്‌സറേയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു. കിലിയന്‍ എംബാപ്പേ, കാര്‍ലോസ് സോളര്‍, അഷ്‌റഫ് ഹക്കീമി, റെനാറ്റോ സാഞ്ചസ്, ഹ്യൂഗോ എകിറ്റികെ എന്നിവരാണ് പി എസ് ജിയുടെ സൂപ്പര്‍ താരങ്ങള്‍. സൂപ്പര്‍ താരങ്ങളായ മെസ്സിയും നെയ്മറും പരിക്കേല്‍ക്കാതെ മത്സരം പൂര്‍ത്തിയാക്കിയത് അര്‍ജന്റീനയ്ക്കും ബ്രസീലിനും ആശ്വാസമാണ്. 15 കളിയില്‍ 41 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി.

ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ അംബാനിയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഇ സ്വന്തമാക്കാന്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ക്ലബ്ബ് കൈമാറ്റത്തിന്, നിലവിലെ ടീം ഉടമകള്‍ ഏല്‍പ്പിച്ച ഏജന്‍സിയുമായി അംബാനി ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 400 കോടി ബ്രിട്ടീഷ് പൗണ്ടാണ് ക്ലബ്ബിന് വിലയിട്ടിരിക്കുന്നത്. 2010 മുതല്‍ ഫെന്‍വെയ് സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് ലിവര്‍പൂള്‍ ഉടമകള്‍. 1892ല്‍ സ്ഥാപിക്കപ്പെട്ട ലിവര്‍പൂള്‍ ക്ലബ്ബ്, സമീപകാലത്ത് യൂര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനത്തില്‍ നിരവധി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് തയ്യാറായിട്ടില്ല.

എഫ്‌സി ഗോവയെ പഞ്ഞിക്കിട്ട് മഞ്ഞപ്പട; കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
 

click me!