അടിപിടി കേസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ ഹാരി മഗ്വയര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 21, 2020, 6:28 PM IST
Highlights

ദ്വീപിലെ മദ്യശാലക്ക് പുറത്തുവെച്ച് മഗ്വയറും സഹോദരനും സുഹൃത്തും വിനോദ സഞ്ചാരികളുമായി ഏറ്റുമുട്ടിയെന്നും  പ്രദേശവാസികളാണ് പോലീസില്‍ വിവരമറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാഞ്ചസ്റ്റര്‍:  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ നായകനായ ഹാരി മഗ്വയര്‍ മര്‍ദ്ദന കേസില്‍ അറസ്റ്റ് ചെയ്തു. ഗ്രീസിലെ വിനോദസഞ്ചാര ദ്വീപായ മൈക്കൊനൊസില്‍വെച്ച് ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ അക്രമിച്ചുവെന്ന കേസിലാണ് മഗ്വയറിനെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാത്രി നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞുവെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹാരി മഗ്വയറുമായി ബന്ധപ്പെട്ടുവെന്നും ഗ്രീക്ക് അധികൃതരുമായി അദ്ദേഹം സഹകരിക്കുന്നുണ്ടെന്നും ഇപ്പോള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാവില്ലെന്നും ക്ലബ്ബ് വ്യക്തമാക്കി.

ദ്വീപിലെ മദ്യശാലക്ക് പുറത്തുവെച്ച് മഗ്വയറും സഹോദരനും സുഹൃത്തും വിനോദ സഞ്ചാരികളുമായി ഏറ്റുമുട്ടിയെന്നും  പ്രദേശവാസികളാണ് പോലീസില്‍ വിവരമറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസെത്തി തങ്ങളുടെ വാഹനത്തിന് പുറകെ ഇവരോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാവാതെ മൂവരും കടന്നു കളഞ്ഞു. അഭിഭാഷകനുമൊത്ത് ഇവര്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ ഹാജരാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെന്റര്‍ ബാക്കായ മഗ്വയര്‍ ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും നായകനാണ്. കഴിഞ്ഞ വര്‍ഷമാണ് 80 മില്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് പ്രതിഫലത്തില്‍ മഗ്വയര്‍ യുണൈറ്റഡില്‍ എത്തിയത്. ഒരു പ്രതിരോധനിരതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമായിരുന്നു ഇത്.

click me!