മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കൊവിഡ്

By Web TeamFirst Published Aug 27, 2020, 6:41 PM IST
Highlights

പോഗ്ബയുടെ അഭാവത്തില്‍ നേഷന്‍സ് ലീഗില്‍ അടുത്ത മാസം അഞ്ചിന് സ്വീഡനെതിരെ നടക്കുന്ന മത്സരത്തില്‍ എഡ്വേര്‍ഡോ കാംവിംഗയെ പകരക്കാരനായി ടീമിലെടുത്തുവെന്നും ദെഷാംപ്സ് വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയായശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബയെ ദേശീയ ടീം ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഫ്രാന്‍സിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്സ് പറഞ്ഞു.

പോഗ്ബയുടെ അഭാവത്തില്‍ നേഷന്‍സ് ലീഗില്‍ അടുത്ത മാസം അഞ്ചിന് സ്വീഡനെതിരെ നടക്കുന്ന മത്സരത്തില്‍ എഡ്വേര്‍ഡോ കാംവിംഗയെ പകരക്കാരനായി ടീമിലെടുത്തുവെന്നും ദെഷാംപ്സ് വ്യക്തമാക്കി. സ്വീഡ‍ന് പിന്നാലെ ക്രോയേഷ്യയുമായും ഫ്രാന്‍സിന് മത്സരമുണ്ട്.

സ്വീഡനെതിരായ മത്സരത്തിനുള്ള ടീമില്‍ പോഗ്ബയും ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് താരത്തെ കൊവിഡ്  പരിശോധനക്ക് വിധേയനാക്കിയത്. ഇതിലാണ് പോഗ്ബ കൊവിഡ് പോസറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ അവസാന നിമിഷം ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായെന്ന് ദെഷാംപ്സ് വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ 14 ദിവസത്തെ ഐസൊലേഷനില്‍ കഴിയുന്ന പോഗ്ബക്ക് നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് പുറമെ അടുത്ത ആഴ്ച തുടങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ‍ിന്റെ പ്രീ സീസണ്‍ മത്സരങ്ങളും നഷ്ടമാകുമെന്നാണ് സൂചന. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത മാസം 19ന് ക്രിസ്റ്റല്‍ പാലസിനെതിരായ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിന് പോഗ്ബയുണ്ടാകും.

click me!