
മാഡ്രിഡ്: ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള കാരണങ്ങള്‍ ലിയോണല്‍ മെസി തന്നെ നേരിട്ട് വിശദീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ബാഴ്സ വിടാന്‍ താല്‍പര്യപ്പെട്ട് മെസി ക്ലബ്ബ് മാനേജ്മെന്റിന് കത്തയച്ചുവെന്ന വാര്‍ത്ത പുറത്തുവന്നശേഷം ഇതുവരെ താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആശങ്കകള്‍ക്കെല്ലാം മെസി തന്നെ നേരിട്ട് മറുപടി പറയുമെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
എന്നാകും മെസി പ്രതികരിക്കുക എന്ന് വ്യക്തമല്ല. ക്ലബ്ബ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ മെസി തന്റെ വിശദീകരണത്തില്‍ എണ്ണിയെണ്ണി പറയുമെന്നാണ് റിപ്പോര്‍ട്ട്. അകമഴിഞ്ഞ് പിന്തുണക്കുന്ന ആരാധകരോട് തന്റെ ഭാഗം വിശീദീകരിക്കണമെന്നാണ് മെസിയുടെ നിലപാട്. കഴിഞ്ഞ 20 വര്‍ഷമായി ക്ലബ്ബുമായി തുടരുന്ന ആത്മബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളും മെസി വിശദീകരിക്കും.
ഈ വര്‍ഷമാദ്യം തന്നെ ക്ലബ്ബ് മാനേജ്മെന്റിന്റെ നടപടികളില്‍ മെസി അതൃപ്തി അറിയിച്ചിരുന്നു. മാനേജ്മെന്റിലും ടീമിലും അടിമുടി മാറ്റം വേണമെന്നും മെസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ക്ലബ്ബ് മാനേജ്മെന്റ് തയാറായില്ല. ഒടുവില്‍ സ്പാനിഷ് ലാ ലിഗ കിരീടം റയലിന് മുന്നില്‍ അടിയറവെക്കുകയും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണിനോട് 8-2ന്റെ നാണംകെട്ട തോല്‍വി വഴങ്ങുകയും ചെയ്തതിന് പിന്നാലെ കോച്ച് ക്വിക്കെ സെറ്റിയനെയും സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് ആബിദാലിനെയും ബാഴ്സ മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ക്ലബ്ബ് വിടാനുള്ള താല്‍പര്യം അറിയിച്ച് മെസിയുടെ അഭിഭാഷകര്‍ ടീം മാനേജ്മെന്റിന് ഫാക്സ് സന്ദേശം അയച്ചത്. ബാഴ്സ വിടുന്ന മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കും ചേക്കേറുക എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇന്റര്‍മിലാനും പിഎസ്ജിയുമെല്ലാം മെസിക്കായി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!