മ്യൂണിക്ക് ദുരന്തത്തിന് ഇന്ന് 65 വര്‍ഷം! വേദനയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ബോബി ചാള്‍ട്ടണും

By Web TeamFirst Published Feb 6, 2023, 9:48 PM IST
Highlights

പ്രതികൂല കാലാവസ്ഥയില്‍ രണ്ട് തവണ മാറ്റിവച്ച യാത്ര ഒടുവില്‍ തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. മ്യൂണിക് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫിനായി കുതിച്ച വിമാനം പക്ഷേ റണ്‍വേയില്‍ നിന്ന് തെന്നിമാറി.

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച മ്യൂണിക് വിമാന ദുരന്തത്തിന് ഇന്ന് 65 വര്‍ഷം. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴ് താരങ്ങളെയാണ് അന്ന് ദുരന്തം കവര്‍ന്നത്. ഒരു വിമാനം മാത്രമായിരുന്നില്ല 1958 ഫെബ്രുവരി ആറിന് മ്യൂണിക്കില്‍ തകര്‍ന്നു വീണത്. ലോകം അന്നോളം കണ്ടിട്ടില്ലാത്ത പ്രതിഭകളുടെ ഒരു കൂട്ടം ഒന്നാകെ തീയിലമര്‍ന്ന ദുരന്തം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് ലോകത്തിന്റെ നെറുകയില്‍ വിലസുന്ന കാലം. മാറ്റ് ബുസ്ബി എന്ന വിഖ്യാത പരിശീലകന് കീഴില്‍ ബുസ്ബി ബേബ്‌സ് എന്ന് പ്രശസ്തരായ സുവര്‍ണതലമുറ ഉള്‍പ്പെട്ട ടീം യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയിലെത്തി. തിരിച്ചുവരുന്നതിനിടെ ബെര്‍ലിന്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ദുരന്തം.

പ്രതികൂല കാലാവസ്ഥയില്‍ രണ്ട് തവണ മാറ്റിവച്ച യാത്ര ഒടുവില്‍ തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. മ്യൂണിക് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫിനായി കുതിച്ച വിമാനം പക്ഷേ റണ്‍വേയില്‍ നിന്ന് തെന്നിമാറി. വിമാനത്താവളത്തിലെ ചെളിയില്‍ നിലതെറ്റി മതിലിലിടിച്ച് വിമാനം കത്തിയമര്‍ന്നു. കളിക്കാരും ഒഫീഷ്യല്‍സുമടക്കം 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്ന് പേര്‍ പിന്നീട് ആശുപത്രിയിലും മരിച്ചു. രക്ഷപ്പെട്ടത് വിഖ്യാത ഇംഗ്ലണ്ട് താരം ബോബി ചാള്‍ട്ടണ്‍ ഉള്‍പ്പെടെ 21 പേര്‍. ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേറ്റ കഥയാണ് പിന്നീട് യുണൈറ്റഡിന്റേത്.

ക്ലബ്ബ് അടച്ചു പൂട്ടേണ്ടി വരുമെന്ന് കരുതിയ കാലത്ത് നിന്ന് ആരാധകരുടെയും മറ്റ് ക്ലബ്ബുകളുടെയുമെല്ലാം പിന്തുണയോടെയാണ് യുണൈറ്റഡ് തിരിച്ചുവന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബുസ്ബിയുടെ ശിക്ഷണത്തില്‍ തന്നെ ടീം യൂറോപ്യന്‍ കിരീടം നേടിയതും ചരിത്രം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബോബി ചാള്‍ട്ടണ്‍ അതേ ടീമില്‍ കളിച്ചുവെന്നത് മറ്റൊരു വിസ്മയം. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പും യുണൈറ്റഡിനായി ഏറ്റവുമധികം മത്സരങ്ങളും ഗോളുകളും എന്നിങ്ങനെ പകരം വയ്ക്കാനാകാത്ത നേട്ടങ്ങള്‍ക്ക് ശേഷമാണ് ബോബി ചാള്‍ട്ടണ്‍ കളി മതിയാക്കിയത്.

പിന്നീട് പല തവണ പ്രീമിയര്‍ ലീഗും എഫ്എ കപ്പും ചാന്പ്യന്‍സ് ലീഗുമെല്ലാം നേടിയെങ്കിലും അന്ന് നഷ്ടമായ താരങ്ങളെ ഒരു കണ്ണീര്‍ക്കണമായി യുണൈറ്റഡ് ആരാധകര്‍ കൊണ്ടു നടക്കുന്നു. കഴിഞ്ഞ ദിവസം അവസാന മത്സരത്തിന് മുന്‍പ് പുഷ്പചക്രം സമര്‍പ്പിച്ചാണ് യുണൈറ്റഡ് കളത്തിലിറങ്ങിയതും. വര്‍ഷങ്ങള്‍ക്കിപ്പുറം യുണൈറ്റഡ് കുതിക്കുമ്പോള്‍ ആ പഴയ ഓര്‍മ്മകള്‍ മാത്രമല്ല ബോബി ചാള്‍ട്ടണ്‍ എന്ന ഇതിഹാസ താരവും യുണൈറ്റഡ് മൈതാനത്ത് സന്ദര്‍ശകനാണ്. ഇന്നും യുണൈറ്റഡ് മാനേജ്‌മെന്റിന്റെ ഭാഗമായ ചാള്‍ട്ടണ്‍ പലപ്പോഴും ടീമിനെ പ്രചോദിപ്പിക്കാന്‍ മൈതാനത്തും എത്തുന്നു.

വിനീഷ്യസിന് നേരെ വീണ്ടും വംശീയാധിക്ഷേപം; ഇത്തവണ മയോര്‍ക്ക ആരാധകരിര്‍ നിന്ന്

click me!