നാളുകളെണ്ണി സെറ്റിയന്‍; പോച്ചെറ്റിനോ ബാഴ്സ പരിശീലകനായേക്കും

By Web TeamFirst Published Aug 15, 2020, 6:56 PM IST
Highlights

ക്ലബ്ബ് പ്രസിന്റായ ജോസഫ് മരിയ ബര്‍തോമ്യുവിന്റെ വഴിവിട്ട തീരുമാനങ്ങളും ബാഴ്സയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തല്‍. കൂട്ടീഞ്ഞോയെ വായ്പാ അടിസ്ഥാനത്തില്‍ ബയേണിന് വിട്ടുകൊടുത്തതും ഡെംബലെയെ കൈയൊഴിഞ്ഞതുമെല്ലാം ഇതില്‍ പെടുന്നു.

ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകന്‍ ക്വിക്കെ സെറ്റിയനെ ബാഴ്സലോണ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സെറ്റിയന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ബാഴ്സ പരിശീലകനായി മുന്‍ ടോട്ടനം പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റിനോ എത്തുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെറ്റിയന് മുമ്പെ ബാഴ്സയുടെ പരിശീലക സ്ഥാനത്തേക്ക് അര്‍ജന്റീനക്കാരനായ പോച്ചെറ്റിനോയെ ക്ലബ്ബ് പരിഗണിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോടേറ്റ തോല്‍വിക്ക് പുറമെ കൊവിഡ് ഇടവേളക്കുശേഷം പുനരാരംഭിച്ച സ്പാനിഷ് ലാ ലിഗയില്‍ രണ്ട് പോയന്റ് ലീഡ് കളഞ്ഞു കുളിച്ച് റയലിന് മുന്നില്‍ കിരീടം അടിയറവെച്ചതോടെ ഒരു കിരീടം പോലും ഇല്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ട ഗതികേടിലാണ് ബാഴ്സലോണ. ക്ലബ്ബ് പ്രസിന്റായ ജോസഫ് മരിയ ബര്‍തോമ്യുവിന്റെ വഴിവിട്ട തീരുമാനങ്ങളും ബാഴ്സയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തല്‍. കൂട്ടീഞ്ഞോയെ വായ്പാ അടിസ്ഥാനത്തില്‍ ബയേണിന് വിട്ടുകൊടുത്തതും ഡെംബലെയെ കൈയൊഴിഞ്ഞതുമെല്ലാം ഇതില്‍ പെടുന്നു.


                                                 മൗറീഷ്യോ പൊച്ചെറ്റിനോ
കൂടീഞ്ഞോ ആണ് ഇന്നലെ ബാഴ്സക്കെതിരെ ബയേണിനായി രണ്ട് ഗോള്‍ നേടിയതും ഒരു ഗോളിന് വഴിയൊരുക്കിയതും. ഏഴ് മാസം മുമ്പാണ് ഏണസ്റ്റോ വെല്‍വെര്‍ദെയെ പുറത്താക്കി ബര്‍തോമ്യു, സെറ്റിയനെ ബാഴ്സലോണ പരിശീലകനായി നിയമിച്ചത്. എന്നാല്‍ തുടക്കം മുതല്‍ താരങ്ങളോട് തന്റെ സമീപനങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാനോ അത് നടപ്പാക്കാനോ കളിക്കാരുടെ ബഹുമാനം നേടിയെടുക്കാനോ സെറ്റിനയന് കഴിഞ്ഞില്ല. കോപ്പ ഡെല്‍റേയില്‍ അത്‌ലറ്റിക്കോയോട് തോറ്റ് പുറത്തായപ്പോഴെ സെറ്റിയനും ബാഴ്സ താരങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരസ്യമായിരുന്നു.

സ്പാനിഷ് ലീഗില്‍ ഒസാസുനയോട് തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയും സെറ്റിയനും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ പരസ്യമായി. ഇതിന് പിന്നാലെ ലാ ലിഗയിലും കിരീടം കൈവിട്ടു. അതിനുശേഷം ഈ കളിവെച്ച് ബാഴ്സക്ക് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ ബാഴ്സക്കാവില്ലെന്ന് മെസി തുറന്നുപറയുകയും ചെയ്തു. നാപ്പോളിയെ പോലും തോല്‍പ്പിക്കാന്‍ ഒരു പക്ഷെ ബാഴ്സക്കാവില്ലെന്നും ടീമില്‍ മാറ്റം വരുത്തണമെന്നും മെസ്സി ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അതൊന്നും ബര്‍തോമ്യു ചെവിക്കൊണ്ടില്ല.

നാപ്പോളിയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയെങ്കിലും ബയേണിന് മുന്നില്‍ ബാഴ്സയുടെ എല്ലാ പ്രതിരോധവും ഛിന്നഭിന്നമായി. ബയേണിനോടേറ്റ തോല്‍വി ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് ബര്‍തോമ്യുവിന്റെ സ്ഥാനത്തിനും ഭീഷണിയായിട്ടുണ്ട്. അടുത്തവര്‍ഷം ക്ലബ്ബ് തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും അതിനുമുന്നെ ബര്‍തോമ്യു ഒഴിയേണ്ടിവരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കോച്ചിനെ പുറത്താക്കിയാല്‍ മാത്രം ബാഴ്സയുടെ പ്രശ്നങ്ങള്‍ തീരില്ലെന്നാണ് ക്ലബ്ബ് അംഗങ്ങളുടെയും നിലപാട്.

click me!