മെസിയുടെ വിലക്ക് നീക്കി; ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയുടെ ജേഴ്‌സി അണിയാം

By Web TeamFirst Published Sep 11, 2020, 4:26 PM IST
Highlights

ഒക്ടോബര്‍ എട്ടിന് ബ്യൂണസ് ഐറിസില്‍ ഇക്വഡോറിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ താരത്തിന് കളിക്കാം. പിന്നീട് ബൊളീവിയക്കെതിരെയും അര്‍ജന്റീനക്ക് മത്സരമുണ്ട്.

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എടുത്തുകളഞ്ഞു. ഇതോടെ അടുത്തമാസം അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മെസിക്ക് കളിക്കാം. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പിന്നാലെ ടൂര്‍ണമെന്റ് നടത്തിപ്പിനേയും സംഘാടകരേയും വിമര്‍ശിച്ചതിനായിരുന്നു മെസിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം 50,000 യുഎസ് ഡോളര്‍ പിഴയുമുണ്ടായിരുന്നു. 

എന്നാല്‍ വിലക്കിന്റെ കാലാവധി അവസാനിച്ചെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ വാദം ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ എട്ടിന് ബ്യൂണസ് ഐറിസില്‍ ഇക്വഡോറിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ താരത്തിന് കളിക്കാം. പിന്നീട് ബൊളീവിയക്കെതിരെയും അര്‍ജന്റീനക്ക് മത്സരമുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചിലിക്കെതിരേ നടന്ന കോപ്പ അമേരിക്ക മത്സരത്തിന്റെ 37-ാം മിനിറ്റില്‍ ലഭിച്ച ചുവപ്പു കാര്‍ഡാണ് മെസിയെ പ്രകോപിതനാക്കിയത്. പിന്നാലെ ടൂര്‍ണമെന്റില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ബ്രസീല്‍ ജേതാക്കളാകുന്ന തരത്തിലാണു ടൂര്‍ണമെന്റ് രൂപകല്‍പന ചെയ്തതെന്നും മെസി തുറന്നടിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ വിലക്കും പിഴയും ഏര്‍പ്പെടുത്തുകയായിരുന്നു.

click me!