Latest Videos

അന്ന് ലെവെയുടെ സുന്ദര സ്വപ്നം തകര്‍ത്തത് മെസി; ഇന്ന് മധുര പ്രതികാരത്തിനുള്ള അവസരം, ആര് വീഴുമെന്ന് കണ്ടറിയാം!

By Web TeamFirst Published Nov 30, 2022, 1:01 PM IST
Highlights

പോളണ്ട് നായകന്‍റെ ഏറ്റവും വലിയ സ്വപ്നം മെസി തകർത്ത കഥയാണ് ലോകകപ്പ് പോരാട്ടത്തിന് മുൻപ് ചർച്ചയാകുന്നത്. ബയേണ്‍ മ്യൂണിക്കിനായി ഗോളടിച്ചുകൂട്ടി റോബർട്ട് ലെവൻഡോവ്സ്കി യൂറോപ്പിൽ മെസിക്കും റൊണാൾഡോയ്ക്കും ഭീഷണിയുയർത്തിയ കാലത്താണ് ഇത് സംഭവിക്കുന്നത്.

ദോഹ: ഖത്തര്‍ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍റീനയും പോളണ്ടും ഏറ്റുമുട്ടുമ്പോള്‍ അത് ലിയോണല്‍ മെസിയും റോബര്‍ട്ട് ലെവൻഡോവ്സ്കിയും തമ്മിലുള്ള പോരാട്ടം കൂടിയായി മാറുകയാണ്. പോളണ്ട് നായകന്‍റെ ഏറ്റവും വലിയ സ്വപ്നം മെസി തകർത്ത കഥയാണ് ലോകകപ്പ് പോരാട്ടത്തിന് മുൻപ് ചർച്ചയാകുന്നത്. ബയേണ്‍ മ്യൂണിക്കിനായി ഗോളടിച്ചുകൂട്ടി റോബർട്ട് ലെവൻഡോവ്സ്കി യൂറോപ്പിൽ മെസിക്കും റൊണാൾഡോയ്ക്കും ഭീഷണിയുയർത്തിയ കാലത്താണ് ഇത് സംഭവിക്കുന്നത്.

കൈയ്യെത്തും ദൂരത്ത് അന്ന് ലെവെയ്ക്ക് ബാലൻ ദി ഓർ നഷ്ടമായപ്പോൾ മിന്നി തിളങ്ങിയത് സാക്ഷാല്‍ മെസി തന്നെയാണ്. അന്ന് ബാഴ്സലോണ താരമായിരുന്ന മെസിക്ക് പോലും ലെവൻഡോവ്സ്കിയുടെ അർഹതയിൽ സംശയമുണ്ടായിരുന്നില്ല. എന്നാൽ, ലെവൻഡോവ്സ്കി ഉജ്വലമായി കളിച്ച സീസണിലും മെസിയുടെ വോട്ട് തന്‍റെത് സുഹൃത്തുക്കൾക്കാണ് പോയത്. ലെവൻഡോവ്സ്കിയുമായുള്ള മെസിയുടെ ബന്ധം പാപ്പരാസികൾ പലതരത്തിൽ ചർച്ചയാക്കിയെങ്കിലും ഇരുവരും മറുപടി നൽകാതെ ഒഴിഞ്ഞുമാറി. 

മെസിയുടെ കളിത്തൊട്ടിലായ ബാഴ്സയിലാണ് ഇന്ന് ലെവൻഡോവ്സ്കി കളിക്കുന്നത്. മെസി ഇല്ലാതെ ബുദ്ധിമുട്ടി ബാഴ്സയുടെ ഗോളടി യന്ത്രമായി ഇതിനകം ലെവെ മാറിക്കഴിഞ്ഞു. ഇന്ന് ജീവന്മരണ പോരാട്ടത്തിനെത്തുമ്പോള്‍ ഒത്ത എതിരാളിയെ തന്നെ അര്‍ജന്‍റൈന്‍ നായകന് മുന്നിലുള്ളതെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത് നില്‍ക്കുന്നത്.

സൗദിക്കൊപ്പം മൂന്ന് പോയിന്‍റാണെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീന രണ്ടാം സ്ഥാനത്താണ്. ജയത്തിൽ കുറഞ്ഞതൊന്നും അർജന്‍റീനയ്ക്ക് ചിന്തിക്കാൻ പോലുമാവില്ല. സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. അപ്പോൾ സൗദി, മെക്സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അർജന്‍റീനയുടെ ഭാവി. തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ രക്ഷക്കെത്തിയ നായകൻ മെസിയുടെ ഇടങ്കാലിലേക്കാണ് അർജന്‍റീന ഒരിക്കൽക്കൂടി ഉറ്റുനോക്കുന്നത്.

സ്കലോണിയുടെ വമ്പന്‍ ടാക്റ്റിക്കല്‍ ഡിസിഷന്‍ വരുന്നു? ജീവന്മരണ പോരാട്ടത്തിന് അർജന്‍റീന, എതിരാളി പോളണ്ട്

click me!