
ലോകകപ്പ് തുടങ്ങും മുമ്പേ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ. പുഴയുടെ നടുവിൽ അർജന്റീനൻ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു. അർജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. പിറ്റേ ദിവസം തന്നെ മാധ്യമങ്ങളിൽ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാർത്ത വന്നു. തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാൾ ഉയരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ കട്ടൗട്ടും ഉയർന്നു. രാത്രിയും കാണാൻ ലൈറ്റ് സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു. പുഴയിലെ കട്ടൗട്ടുകൾ വാർത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത് പെരുമന പഞ്ചായത്തിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയർന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. പിന്നീട് ഫിഫ വരെ കട്ടൗട്ടുകൾ ഔദ്യോഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തു.
കഴിഞ്ഞ ദിവസം ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. നെയ്മറുടെ ഗോളിൽ ബ്രസീൽ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം പെറ്റ്കൊവിച്ചിന്റെ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് തോറ്റ് ബ്രസീൽ പുറത്തായി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചുഗൽ ആഫ്രിക്കൻ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് പുറത്തായി. ക്വാർട്ടർ ഫൈനലിൽ നെസീരിയുടെ ഹെഡർ ഗോളിൽ പോർച്ചുഗൽ മുട്ടുകുത്തി. പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഇത് കണ്ട് നില്‍ക്കാനാവില്ല! കരഞ്ഞുതളര്‍ന്ന് റൊണാള്‍ഡോ; ലോകകപ്പിലൊരു യുഗാന്ത്യം
ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ പുള്ളാവൂർ പുഴയിൽ ഉയർത്തിയ കട്ടൗട്ടുകളിൽ ഇനി അവശേഷിക്കുന്നത് മെസി മാത്രമാണ്. കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തിൽ നെതർലൻഡ്സിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും സെമിയിലെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോൾ വീതമടിച്ചു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസി തന്നെയായിരുന്നു അർജന്റീനയുടെ കുന്തമുന. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ഓറഞ്ച് പടയെ തോൽപ്പിച്ച് അർജന്റീന സെമി ബെർത്തുറപ്പിച്ചു. ബുധനാഴ്ച പുലർച്ചെ 12.30ന് ക്രൊയേഷ്യയാണ് അർജന്റീനയുടെ സെമി എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!