കോപ്പ ബ്രസീലിന് വേണ്ടി ഒരുക്കിയെന്ന ആരോപണം ഉന്നയിച്ചു; മെസിക്ക് വിലക്ക് ?

By Web TeamFirst Published Jul 8, 2019, 10:54 AM IST
Highlights

അര്‍ജന്‍റീന അര്‍ഹിച്ച വിജയങ്ങള്‍ തെറ്റായ റഫറിയിംഗിലൂടെ കരുതിക്കൂട്ടി തട്ടിയെടുത്തെന്നാണ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരശേഷം മെസി ആരോപിച്ചത്. ഒപ്പം തനിക്ക് ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയതിനെതിരെയും മെസി വിമര്‍ശനം ഉന്നയിച്ചു

സാവോ പോളോ: 2019ലെ  കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ച ലിയോണല്‍ മെസിക്ക് രാജ്യാന്തര ഫുട്ബോളില്‍ രണ്ട് വര്‍ഷം വിലക്ക് വന്നേക്കും. ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആണ് അര്‍ജന്‍റീനിയന്‍ നായകനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നത്.

അര്‍ജന്‍റീന അര്‍ഹിച്ച വിജയങ്ങള്‍ തെറ്റായ റഫറിയിംഗിലൂടെ കരുതിക്കൂട്ടി തട്ടിയെടുത്തെന്നാണ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരശേഷം മെസി ആരോപിച്ചത്. ഒപ്പം തനിക്ക് ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയതിനെതിരെയും മെസി വിമര്‍ശനം ഉന്നയിച്ചു.

മൂന്നാം സ്ഥാനം ടീം നേടിയെങ്കിലും മെഡല്‍ പോലും വാങ്ങാതെയാണ് മെസി മടങ്ങിയത്. അഴിമതിയില്‍ പങ്കാളിയാവാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് ചാമ്പ്യന്‍ഷിപ്പ് നേടാനായി എല്ലാ തയറാക്കി വച്ചിരുന്നതായും മെസി പറഞ്ഞു.

മെസി ഉന്നയിച്ച ആരോപണങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടിയതോടെ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രതികരിച്ചിരുന്നു. മെസിയുടെ ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്നും വ്യക്തമാക്കി. ഇപ്പോള്‍ ടൂര്‍ണമെന്‍റ് അവസാനിച്ചതോടെ കോണ്‍ഫഡറേഷന്‍ മെസിക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഫെഡറേഷനെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നല്‍കാമെന്നാണ് നിയമം. അങ്ങനെ സംഭവിച്ചാല്‍ 2022 ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങളും 2020ല്‍ അര്‍ജന്‍റീനയിലും കൊളംബിയയിലുമായി നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്‍റും മെസിക്ക് നഷ്ടമാകും. 

click me!