
കൊച്ചി: നായകന്‍ ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്‍റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചു.
2011ലാണ് ഇതിന് മുമ്പ് അര്‍ജന്‍റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അര്‍ജന്‍റീനയുടെ എതിരാളികള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിദേശ ടീമിനെ തന്നെ എതിരാളികളാക്കാനാണ് ആലോചിക്കുന്നത്.
2022ൽ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്‍റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്‍റീന കേരളത്തില്‍ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവായിരുന്നു സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളി.
ഇന്ത്യൻ താരങ്ങള്‍ക്കെതിരായ വിമര്‍ശനം, ഐപിഎല്‍ കമന്‍ററി പാനലില്‍ നിന്ന് ഇര്‍ഫാൻ പത്താൻ പുറത്ത്
ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തിയതോടെ അര്‍ജന്‍റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുമെന്ന കായിക മന്ത്രി വി അബ്ദുറഹിമാന്‍റെ വാക്കുകള്‍ കൂടിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇന്ന് നടന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന 2026ലെ ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്‍റീനയുടെ വിജയം. സൂപ്പർ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയിട്ടും സർവാധിപത്യം പുലർത്തിയാണ് അർജന്റീന ജയിച്ചു കയറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!