മുബൈ സിറ്റി എഫ്‌സി ജയം തുടരുന്നു; ഇത്തവണ തോല്‍വിയുടെ ചൂടറിഞ്ഞത് ചെന്നൈയിന്‍ എഫ്‌സി

By Web TeamFirst Published Dec 9, 2020, 9:47 PM IST
Highlights

ഹെര്‍നാന്‍ സന്റാന, ആഡം ലേ ഫോണ്ട്രെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. യാക്കൂബ് സില്‍വസ്റ്ററിന്റെ വകയായിരുന്നു ചെന്നൈയുടെ ഏക ഗോള്‍.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഹെര്‍നാന്‍ സന്റാന, ആഡം ലേ ഫോണ്ട്രെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. യാക്കൂബ് സില്‍വസ്റ്ററിന്റെ വകയായിരുന്നു ചെന്നൈയുടെ ഏക ഗോള്‍.

മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നാല് ജയം സ്വന്തമാക്കിയ മുംബൈ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ചെന്നൈയിന്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ചെന്നൈയാണ് ആദ്യം മുന്നിലെത്തിയത്. ലാലിയന്‍സ്വാല ചാങ്‌തെയുടെ പാസില്‍ നിന്നായിരുന്നു സില്‍വസ്റ്ററിന്റെ ഗോള്‍. എന്നാല്‍ നാല് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സന്റാന ഒപ്പമെത്തിച്ചു. ഹ്യൂഗോ ബൗമോസിന്റെ അസിസ്റ്റാണ് ഗോളില്‍ അവസാനിച്ചത്.

75ാം മിനിറ്റില്‍ മുംബൈ ലീഡെടുത്തു. ഇത്തവണയും ബൗമോസായിരുന്നു ഗോളിന് ചരടുവലിച്ചത്. അവസാന നിമിഷങ്ങളില്‍ ചെന്നൈ ഗോളിന് അടുത്തുവരെ എത്തിയെങ്കിലും വല കുലുക്കാനായില്ല. പന്തടക്കത്തില്‍ മുംബൈയായിരുന്നു മുന്നിലെങ്കിലും മത്സരത്തില്‍ മുന്‍തൂക്കം ചെന്നൈക്കായിരുന്നു. 17 ഷോട്ടുകളാണ് ചെന്നൈ ശ്രമിച്ചത്. എന്നാല്‍ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക പാഞ്ഞത്. ഒരെണ്ണമാത്രം ഗോള്‍വര കടന്നു.

നാളെ നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. എടികെ മോഹന്‍ ബഗാനെ തുരത്തിയ ആത്മവിശ്വാസത്തിലാണ് ജംഷഡ്പൂര്‍. ഈസ്റ്റ് ബംഗാളിനാവട്ടെ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല.

click me!