Latest Videos

എടികെ മോഹന്‍ ബഗാനും പിടിച്ചുകെട്ടാനായില്ല; ഐഎസ്എല്ലില്‍ മുംബൈ സിറ്റി കുതിപ്പ് തുടരുന്നു

By Web TeamFirst Published Jan 14, 2023, 9:40 PM IST
Highlights

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം ബഗാനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബഗാന്‍ മുന്നിലായിരുന്നു. എന്നാല്‍ ടാര്‍ഗറ്റിലേക്ക് കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് മുംബൈ ആയിരുന്നു. അതിലൊരെണ്ണം ഗോള്‍വര കടക്കുകയും ചെയ്തു.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സി കുതിപ്പ് തുടരുന്നു. ഇന്ന് എവേ മാച്ചില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ തോല്‍പ്പിച്ചത്. ലാലിയന്‍സുവാരല ചാങ്‌തെയാണ് ഗോള്‍ നേടിയത്. ജയത്തോടെ മുംബൈ 14 മത്സരങ്ങളില്‍ 36 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബഗാന്‍ 23 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരമുണ്ടായിരുന്നു.

മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം ബഗാനായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബഗാന്‍ മുന്നിലായിരുന്നു. എന്നാല്‍ ടാര്‍ഗറ്റിലേക്ക് കൂടുതല്‍ ഷോട്ടുകളുതിര്‍ത്തത് മുംബൈ ആയിരുന്നു. അതിലൊരെണ്ണം ഗോള്‍വര കടക്കുകയും ചെയ്തു. 29-ാം മിനിറ്റിലായിരുന്നു ചങ്‌തെയുടെ ഗോള്‍. ആല്‍ബെര്‍ട്ടോ നൊഗ്വേരയാണ് ഗോളിനുള്ള വഴിയൊരുക്കിയത്. ബോക്‌സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച ചാങ്‌തെ, ഒരടി മുന്നോട്ട് വച്ച് ഡി ബോക്‌സില്‍ നിന്ന് ഷോട്ടുതിര്‍ത്തു. വെടിച്ചില്ല് പോലെയുളള ചാങ്‌തെയുടെ ഷോട്ട് ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്തി. തിരിച്ചടിക്കാനുള്ള അവസരങ്ങള്‍ നിരവധിയുണ്ടായിരുന്നു ബഗാന്. എന്നാല്‍ ഫിനിഷറുടെ പോരായ്മ ടീമിനെ പിന്നോട്ടടിപ്പിച്ചു. 

ബംഗളൂരു എഫ്‌സിക്ക് ജയം

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്‌സി ജയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡീഷ എഫ്‌സിയെയാണ് ബംഗളൂരു തോല്‍പ്പിച്ചത്. രോഹിത് കുമാര്‍, റോയ് കൃഷ്ണ, പാബ്ലോ പെരസ് എന്നിവരാണ് ബംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്. ഒഡീഷയുടെ ആശ്വാസഗോള്‍ ഡിയേഗോ മൗറിസീയോയുടെ വകയായിരുന്നു. തോല്‍വിയോടെ ആദ്യ നാലില്‍ തിരിച്ചെത്താനുള്ള അവസരമാണ് ഒഡീഷയ്ക്ക് നഷ്ടമായത്. 14 മത്സരങ്ങളില്‍ 22 പോയിന്റാണ് അവര്‍ക്ക്. ജയിച്ചിരുന്നെങ്കില്‍ നാലാമതെത്താമായിരുന്നു ഒഡീഷയ്ക്ക്. ബംഗളൂരുവിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതാണ്. 14 മത്സരങ്ങളില്‍ 16 പോയിന്റുമായി എട്ടാമതാണ് ബംഗളൂരു.

ഓള്‍റൗണ്ടര്‍ ഷെഫാലി, ശ്വേതയുടെ വെടിക്കെട്ട്; അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

click me!