Asianet News MalayalamAsianet News Malayalam

ഓള്‍റൗണ്ടര്‍ ഷെഫാലി, ശ്വേതയുടെ വെടിക്കെട്ട്; അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് ശ്വേത- ഷെഫാലി (16 പന്തില്‍ 45) റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച് കളിച്ച ഷെഫാലി ഒരു സിക്‌സും 9 ഫോറും നേടിയിരുന്നു.

India won over South Africa in U19 Women World Cup by seven wickets
Author
First Published Jan 14, 2023, 8:33 PM IST

ബെനോനി: അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ജയം. ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 167 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ഇന്ത്യ ശ്വേത സെഹ്രാവതിന്റെ (57 പന്തില്‍ 92) ബാറ്റിംഗ് കരുത്തില്‍ 16.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. നേരത്തെ, സിമോണെ ലോറന്‍സിന്റെ (61) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തു. 

ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 77 റണ്‍സ് ശ്വേത- ഷെഫാലി (16 പന്തില്‍ 45) റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച് കളിച്ച ഷെഫാലി ഒരു സിക്‌സും 9 ഫോറും നേടിയിരുന്നു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ അഞ്ച് ഫോറും ഒരു സിക്‌സും താരം നേടി. എന്നാല്‍ എട്ടാം ഓവറില്‍ ഷെഫാലി മടങ്ങി. തൊട്ടുപിന്നാലെയെത്തിയ ഗോങ്കടി തൃഷ (15), സൗമ്യ തിവാരി (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന ശ്വേത 17-ാം ഓവറില്‍ വിജയം കൊണ്ടുവന്നു. 20 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്വേതയുടെ ഇന്നിംഗ്‌സ്. സോണിയ മെന്ധിയ (1) പുറത്താവാതെ നിന്നു. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ എലാന്‍ഡ്രി റെന്‍സ്ബര്‍ഗ് (23)- സിമോണെ സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. സോനം യാദവാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാമതായി ക്രീസിലെത്തിയ ഒലൂലെ സിയോയെ (0) ആദ്യ പന്തില്‍ തന്നെ ഷെഫാലി പുറത്താക്കി. കെയ്ല്‍ റെയ്‌നകെയ്ക്കും (11) തിളങ്ങാനായില്ല. ഇതോടെ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ മൂന്നിന് 89 എന്ന നിലയിലായി. 

എന്നാല്‍ മാഡിസണ്‍ ലാന്‍ഡ്‌സ്മാനെ (17 പന്തില്‍ 32) കൂട്ടുപിടിച്ച് സിമോണെ നടത്തിയ പോരാട്ടം മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും പുറത്തായെങ്കിലും കെറാബോ മെസോ (19), മിയാനെ സ്മിത് (16) സ്‌കോര്‍ 160 കടത്തി. 44 പന്തുകള്‍ നേരിട്ട സിമോണെ ഒരു സിക്‌സും ഒമ്പത് ഫോറും നേടി. ഷെഫാലിക്ക് പുറമെ സോനം യാദവ്, പര്‍ഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഇന്ത്യന്‍ ടീം: ശ്വേത സെഹ്രാവത്, ഷെഫാലി വര്‍മ, ഗൊങ്കടി തൃഷ, സൗമ്യ തിവാരി, റിച്ചാ ഘോഷ്, സോണിയ മെന്ധിയ, ഹൃഷിത ബസു, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര, ഷബ്‌നം എംഡി, സോനം യാദവ്.

ഇഷാനും സൂര്യയും കളിച്ചേക്കും; കാര്യവട്ടത്ത് ലങ്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ- സാധ്യതാ ഇലവന്‍
 

Follow Us:
Download App:
  • android
  • ios