ടയർ പൊട്ടിയിരുന്നെങ്കിലോ? നോട്ടീസ് നൽകിയിട്ടും ശരിയാക്കിയില്ല, താരങ്ങളുടെ ജീവന് ഭീഷണി: നടപടി വിവരിച്ച് എംവിഡി

By Ardra S KrishnaFirst Published Oct 19, 2022, 9:58 PM IST
Highlights

' ടയറിന്റെ അവസ്ഥ അത്രയ്ക്ക് ഗുരുതരമായിരുന്നു. പൊട്ടിപ്പോയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെന്നല്ല ആരുടെയായാലും ജീവന് ആര് ഉത്തരവാദിത്തം പറയും?..  ഇത്തരം വീഴ്ചകളാണ് വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ ടൂറിസ്റ്റ് ബസ് മേഖല  മുഴുവൻ പ്രതിസന്ധിയിലാക്കും'

കൊച്ചി: വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് നടത്തി വരുന്നത്. ഇപ്പോഴിതാ ഗുരുതര നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ബസിനെതിരെയും നടപടിയെടുത്തിരിക്കുകയാണ്. താരങ്ങളുടെ ജീവന് പോലും ഭീഷണി ഉണ്ടാക്കുന്ന തരത്തിലുള്ള  നിയമലംഘനങ്ങളാണ് ഫിറ്റ്നസ് സസ്പെൻഡ് ചെയ്തന്നതിലേക്ക് വഴിവച്ചതെന്ന് വൃക്തമാക്കുകയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് എ ആർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്.

ബസിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുൻപ് തന്നെ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. 17 ന് ആ ർടി യോയുടെ മുൻപാകെ ഹാജരായി വിശദീകരണം നൽകാനായിരുന്നു നിർദേശം. ഇതുപാലിക്കാതെ വന്നതോടെയായിരുന്നു നേരിട്ടെത്തി പരിശേധന നടത്തിയത്. വൈകിട്ട് ടീം അംഗങ്ങൾ പനമ്പിള്ളി നഗറിലെ ഗ്രൗണ്ടിൽ പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു പരിശോധന.

ബസിൽ പല തരം നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് എ ആർ വ്യക്തമാക്കി. വണ്ടിയുടെ ബോഡിയിൽ നിറയെ പരസ്യം പതിക്കുകയും മറ്റുള്ളവരുടെ ശ്രദ്ധപതിയുന്ന തരത്തിൽ നിറങ്ങൾ ഉപയോഗിക്കുകയും ചെയ്തു. രണ്ടു ടയറുകൾ അപകടാവസ്ഥയിലായിരുന്നുവെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നിലയിലായിരുന്നുവെന്നും എം വി ഐ വ്യക്തമാക്കി. മറ്റ് ടയറുകളും വളരെ മോശം അവസ്ഥയിലായിരുന്നു. ഡ്രൈവർ സൈഡിലെ മിററും പൊട്ടിയ നിലയിലായിരുന്നു. വണ്ടിയുടെ ജി പി എസ് സംവിധാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സുരക്ഷാ മിത്ര എന്ന മോട്ടോർ വാഹന വകുപ്പിന്‍റെ സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല എന്നീ പ്രധീന വീഴ്ചകളാണ് നടപടിയ്ക്ക് കാരണമായത്.

'ബസിന്റെ ടയറിന്‍റെ അവസ്ഥ അത്രയ്ക്ക് ഗുരുതരമായിരുന്നു. പൊട്ടിപ്പോയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെന്നല്ല ആരുടെയായാലും ജീവന് ആര് ഉത്തരവാദിത്തം പറയും? ഇത്തരം വീഴ്ചകളാണ് വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ ടൂറിസ്റ്റ് ബസ് മേഖല  മുഴുവൻ പ്രതിസന്ധിയിലാക്കും. ഇതൊക്കെ ഒഴിവാക്കാൻ ഇനിയും കർശന പരിശോധന തുടരും'. വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് ആർ വ്യക്തമാക്കി.

ഒന്നും രണ്ടുമല്ല, ബ്ലാസ്റ്റേഴ്സ് ബസിൽ കണ്ടെത്തിയത് അഞ്ച് നിയമലംഘനം; പൂട്ടിടാനുള്ള കാരണത്തെക്കുറിച്ച് എം വി ഡി

നിലവിലെ നിയമലംഘനങ്ങളെല്ലാം പരിഹരിച്ചെങ്കിലെ ഈ വാഹനം നിരത്തിലിറക്കാൻ സാധിക്കുകയുള്ളു. പുതിയ ഫിറ്റ്നസിന് അപേക്ഷിച്ച് വണ്ടി ഹാജരാക്കി വേണം ഇത് നേടാൻ. കാക്കനാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജേഷ് എ ആർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ചന്തു ആർ സനീഷ് കെ എൽ എന്നിവർ ചേർന്നാണ് പരിശോധന നടത്തി നടപടിയെടുത്തത്.

click me!