
അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ കേരളം കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയപ്പോള്‍ ബംഗാള്‍ സര്‍വീസസിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു.
കര്‍ണാടകക്കെതിരെ രണ്ടാം മിനിറ്റില്‍ മുഹമ്മദ് ആഷിഖ് നേടിയ ഗോളിലൂടെ കേരളം മുന്നിലെത്തി. വലതുവിംഗില്‍ ജെറീറ്റോക്ക് നല്‍കിയ ത്രൂ പാസ് വീണ്ടും കാലില്‍ സ്വീകരിച്ചായിരുന്നു ആഷിഖിന്‍റെ മനോഹര ഗോള്‍. എന്നാല്‍ ആദ്യ ഗോള്‍ വീണശേഷം പന്തടക്കത്തിലും പാസിംഗിലും കര്‍ണാടകയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. ചെറു പാസുകളിലൂടെ കര്‍ണാടക പലതവണ കേരള പ്രതിരോധത്തെ വിറപ്പിച്ചു. ക്യാപ്റ്റന്‍ എഡ്വിന്‍ റൊസാരിയോ ആണ് മധ്യനിരയില്‍ കര്‍ണാടകയുടെ കളി മെനഞ്ഞത്.
ഐഎസ്എല്‍: എടികെയെ വീഴ്ത്തി ചെന്നൈയിന്‍
മറുവശത്ത് ആദ്യ ഗോളിന് ശേഷം ആക്രമണത്തില്‍ മൂര്‍ച്ച കൂട്ടാന്‍ കേരളത്തിനായില്ല. നിര്‍ണായക സമയങ്ങളില്‍ പാസിംഗിലും പന്ത് പിടിച്ചെടുക്കുന്നതിലും കേരളത്തിന് പിഴച്ചു. ഇതിനിടെ ലിജോ ഗില്‍ബെര്‍ട്ടിന്‍റെ ഗോളെന്നുറച്ചൊരു ഫ്രീ കിക്ക് കര്‍ണാടക ഗോള്‍ കീപ്പര്‍ ദീപക് പ്രയാസപ്പെട്ട് തട്ടിയകറ്റി. 25-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് കര്‍ണാടകയുടെ സുധീര്‍ കോടികേല തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് കേരളത്തിന് അനുഗ്രഹമായി.
42-ാം മിനിറ്റില്‍ കേരളത്തിനും ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചു. എന്നാല്‍ വിഘ്നേഷിന്‍റെ ഗ്രൗണ്ടര്‍ കര്‍ണാടക ഗോള്‍ കീപ്പര്‍ ദീപക് തട്ടിയകറ്റി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് പരിക്കേറ്റ ആഷിഖിന് പകരം മുഹമ്മദ് പാറോക്കോട്ടിലെ കേരളം ഗ്രൗണ്ടിലിറക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം ലീഡുയര്‍ത്തി. 54ാം മിനിറ്റില്‍ മുഹമ്മദ് പാറോക്കോട്ടിലിന്‍റെ പാസില്‍ നിന്ന് പി അജീഷ് കേരളത്തിന്‍റെ രണ്ടാം ഗോള്‍ നേടി. രണ്ട് ഗോള്‍ വീണതോടെ ആദ്യ പകുതിയിലെ മികവ് പുറത്തെടുക്കാനാവാതിരുന്ന കര്‍ണാടകക്ക് കൂടുതല്‍ അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!