മൂന്ന് തവണ ലോകകപ്പ് ഫൈനലില്‍, എന്നിട്ടും കിരീടമില്ല! വീണ്ടും വരുമോ ഓറഞ്ച് വസന്തം?

By Web TeamFirst Published Nov 21, 2022, 11:10 AM IST
Highlights

ആക്രമണമെങ്കില്‍ മൈതാനത്തുള്ള പതിനൊന്ന് പേരും മുന്നോട്ട് കുതിക്കുകയും പ്രതിരോധമെങ്കില്‍ ഒന്നിച്ചിറങ്ങി കോട്ട കാക്കുകയും ചെയ്യുന്ന ടോട്ടല്‍ ഫുട്‌ബോള്‍ എന്ന വിഖ്യാത കേളി ശൈലി.

ദോഹ: ഫുട്‌ബോളിലെ മനോഹര കാവ്യമാണ് നെതര്‍ലന്‍ഡ്‌സും അവരുടെ ടോട്ടല്‍ ഫുട്‌ബോളും. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാതെ പോയ ഓറഞ്ച് പട ഖത്തറില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ്. ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്, സെനഗലുമായിട്ടാണ് കളിക്കുക. രാത്രി 9.30ന് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനേ ഇല്ലാതെയാണ് ആഫ്രിക്കന്‍ ചാംപ്യന്‍മാരായ സെനഗല്‍ ഇറങ്ങുക. അവസാന പതിനഞ്ച് കളിയിലും തോല്‍വി അറിയാതെയാണ് ഡച്ച് സംഘമിറങ്ങുന്നത്.
 
ആര്‍ത്തലച്ചുവരുന്ന കടലിന്റെയല്ല. ഒഴുകി നിറയുന്ന നദിയുടെ ഭംഗിയും ഗാംഭീര്യവുമാണ് ഓറഞ്ച് പടയുടെ കളിക്ക്. ആക്രമണമെങ്കില്‍ മൈതാനത്തുള്ള പതിനൊന്ന് പേരും മുന്നോട്ട് കുതിക്കുകയും പ്രതിരോധമെങ്കില്‍ ഒന്നിച്ചിറങ്ങി കോട്ട കാക്കുകയും ചെയ്യുന്ന ടോട്ടല്‍ ഫുട്‌ബോള്‍ എന്ന വിഖ്യാത കേളി ശൈലി. എന്നാല്‍ എല്ലാവരെയും മോഹിപ്പിച്ച് ഒടുവില് സങ്കട കടലില്‍ ആഴ്ത്തുന്ന ചരിത്രമാണ് നെതര്‍ലന്‍ഡ്‌സിന് ലോകകപ്പില്‍. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ഒരിക്കല്‍ പോലും ആ മോഹകപ്പില്‍ തൊടാനായില്ല.

ഇംഗ്ലണ്ട്-ഇറാന്‍ മത്സരം പ്രതിഷേധക്കളമാകുമോ; എന്താകും ഇറാന്‍ താരങ്ങളുടെ നിലപാട്, ആകാംക്ഷയില്‍ ലോകം

1974ല്‍ യൊഹാന് ക്രൈഫിന് പിഴച്ചത് ബെക്കന്‍ബോവറുടെ ജര്‍മനിയോട്. നാല് കൊല്ലത്തിനപ്പുറം അര്‍ജന്റീനയ്ക്ക് മുന്നിലും വീണു. ഒടുവില് 2010ല് ആന്ദ്രേസ് ഇനിയേസ്റ്റയുടെ ഒറ്റഗോളില് സ്‌പെയിനോട് തോറ്റു. 2014ലും കണ്ടു അത്തൊരു മോഹക്കുതിപ്പ്. എന്നാല് സെമിയില് മെസിയുടെ അര്ജന്റീനയോട് ആര്യന്‍ റോബനും വെസ്ലി സ്‌നൈഡര്‍ക്കുമെല്ലാം പിഴച്ചു. റഷ്യലേക്ക് യോഗ്യത പോലും കിട്ടാതിരുന്ന ഓറഞ്ച് പട ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. 
 
പ്രതിരോധത്തില് വിര്‍ജില്‍ വാന്‍ ഡൈക്ക്, മത്യാസ് ഡി ലിറ്റ്, നഥാന് ആക്കെ, മധ്യനിരയുടെ കടിഞ്ഞാണ് ഫ്രാങ്കി ഡിയോങ്ങിന്. മുന്നേറ്റത്തില് ഡിപെയും ഡിയോങ്ങും. എല്ലാത്തിനപ്പുറം ലൂയിസ് വാന്‍ഗാലിന്റെ തന്ത്രങ്ങളും. ഖത്തറിലും ഓറഞ്ച് വസന്തമുണ്ടാകുമെന്നാണ് ആരാധകരും കരുതുന്നത്.

click me!