
മിയാമി: ലോകകപ്പിലെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ നിന്ന് ആരാധകർക്ക് ആശ്വാസ വാർത്ത. പരിക്കിൽ നിന്ന് പൂർണമുക്തനായി സൂപ്പർ താരം നെയ്മർ കളിക്കാൻ തയാറാണെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. എന്നാൽ സ്കോട്ട്‌ലൻഡിനെതിരെയുള്ള ആദ്യ ഇലവനിൽ നെയ്മര്‍ ഇറങ്ങുമോ എന്ന കാര്യത്തിൽ ആഞ്ചലോട്ടി വ്യക്തമായ മറുപടി നൽകിയില്ല.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 34-കാരനായ നെയ്മർ ബ്രസീലിന്‍റെ ലോകകപ്പ് സ്ക്വാഡിലേക്ക് തിരിച്ചെത്തുന്നത്. എന്നാൽ പരിക്കിനെ തുടർന്ന് മൊറോക്കോയ്‌ക്കെതിരായ ആദ്യ മത്സരവും ഹെയ്തിക്കെതിരായ രണ്ടാം മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. നെയ്മർ ഫിറ്റാണ്, ടീമിനൊപ്പം കഠിനമായ പരിശീലനത്തിലാണ് നെയ്മറിപ്പോള്‍. ഇനിയുള്ള മത്സരങ്ങള്‍ക്ക് നെയ്മറുടെ സേവനം ടീമിന് ലഭ്യമാണ് എന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്. അദ്ദേഹത്തിന്‍റെ ക്വാളിറ്റി ടീമിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം-ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ആഞ്ചലോട്ടി പറഞ്ഞു.
മത്സരത്തിൽ നെയ്മറിന് എത്ര മിനിറ്റ് കളിക്കാൻ സാധിക്കും എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്‍റെ പതിവ് ശൈലിയിലുള്ള ഒരു തമാശ മറുപടിയാണ് ആഞ്ചലോട്ടി നൽകിയത്. അദ്ദേഹത്തിന് വേണമെങ്കിൽ 90 മിനിറ്റും കളിക്കാം... പക്ഷെ നടന്നു തീർക്കേണ്ടി വരുമെന്നായിരുന്നു ആഞ്ചലോട്ടിയുടെ ചിരിയോടെയുള്ള മറുപടി. നെയ്മർ കളിച്ചില്ലെങ്കിൽ പോലും ടീമിലെ യുവതാരങ്ങൾക്ക് അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് വലിയ ഉത്തേജനമാണെന്നും കോച്ച് കൂട്ടിച്ചേർത്തു.
സ്കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തിയാൽ ബ്രസീലിന് റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാം. എന്നാൽ മുന്നേറ്റ താരം റാഫിഞ്ഞയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. സ്കോട്ട്‌ലൻഡിനെതിരെ റാഫിഞ്ഞ കളിക്കില്ലെന്ന് വ്യക്തമാക്കിയ കോച്ച്, പകരം ആര് ഇറങ്ങുമെന്നത് രഹസ്യമാക്കി വെച്ചു. ടൂർണമെന്റിൽ ബ്രസീലിന്‍റെ പ്രകടനം ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെടുന്നുണ്ടെന്ന് ആഞ്ചലോട്ടി പറഞ്ഞു. ആദ്യ മത്സരം അത്ര മികച്ചതായിരുന്നില്ല, എന്നാൽ രണ്ടാമത്തേത് അതിലും നന്നായി. മൂന്നാം മത്സരത്തിൽ ഞങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആഞ്ചലോട്ടി പറഞ്ഞു.
വില്യംസ് മക്ടോമിനെ, ജോൺ മക്ഗിൻ തുടങ്ങിയ പ്രീമിയർ ലീഗ് പരിചയസമ്പത്തുള്ള താരങ്ങളുമായി വരുന്ന സ്കോട്ട്‌ലൻഡിനെ ബ്രസീൽ ഭയപ്പെടുന്നുണ്ട്. അവരും നോക്കൗട്ട് ലക്ഷ്യമിട്ടാണ് വരുന്നത്. ലോകകപ്പിൽ ഇനി എളുപ്പമുള്ള മത്സരങ്ങൾ എന്നൊന്നില്ല. അതുകൊണ്ട് ഞങ്ങൾ കടുത്ത പോരാട്ടത്തിന് തന്നെയാണ് തയ്യാറെടുക്കുന്നതെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ന്യൂജേഴ്‌സിയിൽ നിന്ന് മിയാമിയിലേക്കുള്ള ബ്രസീൽ ടീമിന്‍റെ ഫ്ലൈറ്റ് വൈകിയതിനെ തുടർന്ന് രാത്രി ഒമ്പത് മണിക്കാണ് ആഞ്ചലോട്ടിയുടെ പത്രസമ്മേളനം നടന്നത്. എന്നാൽ ഇത്തരം ചെറിയ പ്രതിസന്ധികളൊന്നും ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് വെറ്ററൻ കോച്ച് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!