റഫറിമാര്‍ക്കെതിരായ മോശം പരാമര്‍ശം; നെയ്മര്‍ക്ക് വിലക്ക്

By Web TeamFirst Published Apr 27, 2019, 4:28 PM IST
Highlights

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഹാന്‍ഡ് ബോളിന് യുനൈറ്റഡിന് അനൂകൂലമായി റഫറി പെനല്‍റ്റി അനുവദിച്ചിരുന്നു. വാര്‍(വീഡിയോ അസിസ്റ്റ് റഫറി സിസ്റ്റം) പരിശോധിച്ചശേഷമായിരുന്നു ഇത്

പാരീസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോറ്റ് പി എസ് ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ കളി നിയന്ത്രിച്ച  മാച്ച് ഒഫീഷ്യല്‍സിനെതിരെ മോശം പരാമര്‍ശം നടത്തിയ  പി എസ് ജി സൂപ്പര്‍ താരം നെയ്മര്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് യുവേഫ. മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് യുവേഫ നെയ്മറെ വിലക്കി.

മാര്‍ച്ചില്‍ നടന്ന പി എസ് ജി-യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരിക്ക് മൂലം  നെയ്മര്‍ കളിച്ചിരുന്നില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഹാന്‍ഡ് ബോളിന് യുനൈറ്റഡിന് അനൂകൂലമായി റഫറി പെനല്‍റ്റി അനുവദിച്ചിരുന്നു. വാര്‍(വീഡിയോ അസിസ്റ്റ് റഫറി സിസ്റ്റം) പരിശോധിച്ചശേഷമായിരുന്നു ഇത്. പെനല്‍റ്റി ഗോളായതോടെ പി എസ് ജി ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഇതാണ് നെയ്മറെ ചൊടിപ്പിച്ചത്.

പെനല്‍റ്റി അനുവദിക്കാനുള്ള റഫറിയുടെ തീരുമാനത്തിനെതിരെ നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഫുട്ബോള്‍ എന്താണെന്ന് അറിയാത്ത നാലുപേരെയാണ് അവര്‍ അവിടെ നിര്‍ത്തിയിരിക്കുന്നതെന്നും സ്ലോ മോഷന്‍ വീഡിയോ കണ്ടിട്ടുപോലും കാര്യം മനസിലാവാത്തവരാണ് അവരെന്നും നെയ്മര്‍ പറഞ്ഞിരുന്നു. വിലക്ക് വന്നതോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം നെയ്മര്‍ക്ക് നഷ്ടമാവും.

click me!