
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോളിന്‍റെ വൻവേദിയിൽ ഗ്രൂപ്പ് ഘട്ടം കടക്കാനായി മൈതാനത്ത് പോരാടുന്ന ആഫ്രിക്കൻ കരുത്തരായ സെനഗൽ ടീം, കളിക്കളത്തിന് പുറത്ത് അതിനേക്കാൾ വലിയൊരു പ്രതിസന്ധിയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സെനഗൽ ടീമിനെ ഇപ്പോൾ വരിഞ്ഞുമുറുക്കിയിരിക്കുന്നത്. ടീമിന്‍റെ ദൈനംദിന കാര്യങ്ങൾ പോലും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് ടീം ഇപ്പോൾ.
ടീമിന്റെ മുഖ്യ പരിശീലകൻ പാപ് ചിയാവിന് ശമ്പളം മുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് മാസമായി എന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്‍റെ കരാർ കാലാവധി കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും ഇതുവരെ അത് പുതുക്കി നൽകാൻ സെനഗൽ ഫുട്ബോൾ അസോസിയേഷന് സാധിച്ചിട്ടില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കളിച്ചതിനുള്ള പ്രതിഫലത്തുക പോലും താരങ്ങൾക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ലോകകപ്പ് യോഗ്യത നേടിയാൽ പ്രത്യേക പ്രതിഫലം നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും അതും വെറും വാഗ്ദാനമായി തുടരുകയാണ്. താരങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം പൂർണ്ണമായി മുടങ്ങിയ അവസ്ഥയിലാണ്.
അമേരിക്കയിൽ ലോകകപ്പ് മത്സരങ്ങൾക്കായി സെനഗൽ ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടലിന്‍റെ നിലവാരമില്ലായ്മയെക്കുറിച്ച് താരങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്. ലോകകപ്പ് കളിക്കുന്ന ഒരു ടീമിന് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി, ടീമിനൊപ്പം പതിവായി ഉണ്ടാകാറുള്ള ഔദ്യോഗിക പാചകക്കാരനെ ഇത്തവണ അസോസിയേഷൻ ഒഴിവാക്കി. ഇതോടെ ലോകോത്തര താരങ്ങളുടെ ഭക്ഷണക്രമം പൂർണ്ണമായും തെറ്റി. ഇതിനുപുറമെ ടീമിന്‍റെ സപ്പോർട്ടിംഗ് സ്റ്റാഫുകളുടെ എണ്ണവും വൻതോതിൽ വെട്ടിക്കുറച്ചിട്ടുണ്ട്.
മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ കളിക്കാർക്ക് മാനസികമായ പിന്തുണ നൽകേണ്ട അസോസിയേഷൻ, കടുത്ത സാമ്പത്തിക അനാസ്ഥയിലൂടെ ടീമിന്‍റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തോറ്റ സെനഗല്‍ രണ്ടാം മത്സരത്തില്‍ നോര്‍വെയോട് രണ്ടിനെതിരെ 3 ഗോളുകള്‍ക് തോറ്റ് പുറത്താകലിന്‍റെ വക്കിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!