ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും തോല്‍വി! അവസാന സ്ഥാനക്കാരുടെ മത്സരത്തില്‍ ജംഷഡ്പൂര്‍

By Web TeamFirst Published Feb 4, 2023, 9:39 PM IST
Highlights

17 മത്സരങ്ങളില്‍ 12 പോയിന്റുള്ള ജംഷഡ്പൂര്‍ 10-ാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചത്. അവരുടെ 15-ാം തോല്‍വിയാണിത്.

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. റിത്വിക് ദാസ്, ഡാനിയേല്‍ ചിമ ചുക്‌വു എന്നിവരാണ് ജംഡ്പൂരിന്റെ ഗോളുകള്‍ നേടിയയത്. ജയിച്ചെങ്കിലും ഇരു ടീമുകളുടേയും സ്ഥാനത്തിന് മാറ്റമൊന്നുമില്ല. 17 മത്സരങ്ങളില്‍ 12 പോയിന്റുള്ള ജംഷഡ്പൂര്‍ 10-ാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റ് ജയിച്ചത്. അവരുടെ 15-ാം തോല്‍വിയാണിത്.

39-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ജംഷഡ്പൂരിന് ലഭിച്ച കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന് പിഴച്ചു. പന്ത് ചിമയുടെ കാലില്‍. ചിമ ഗോള്‍മുഖത്തേക്ക് ക്രോസ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിരോധത്തില്‍ തട്ടിതെറിച്ച പന്ത് വീണ്ടും ചിമയുടെ കാലില്‍. പിന്നാലെ ഒരു ക്രോസ് കൂടി. ഇത്തവണ റിത്വിക് അവസരം മുതലാക്കി. സ്‌കോര്‍ 1-0. ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിച്ചു. രണ്ടാം പാതിയില്‍ വിജയമുറപ്പിച്ച ഗോളും പിറന്നു. 57-ാം മിനിറ്റിലായിരുന്നു ചിമയുടെ ഗോള്‍. റാഫേല്‍ ക്രിവെല്ലാരോയാണ് സഹായം നല്‍കിയത്. മത്സരത്തില്‍ ജംഷഡ്പൂരിന് തന്നെയായിരുന്നു ആധിപത്യം.

മുംബൈ സിറ്റിക്ക് സമനില

ഇന്ന് ആദ്യം നടന്ന മുംബൈ സിറ്റി എഫ്‌സി- ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ജോര്‍ജെ പെരേര മുംബൈക്ക് ലീഡ് സമ്മാനിച്ചു. ഹിതേശ് ശര്‍മയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും മുംബൈ തന്നെയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 17 മത്സരങ്ങളില്‍ 43 പോയിന്റാണ് മുംബൈക്ക്. ഹൈദരാബാദ് രണ്ടാം സ്താനത്ത് തുടരുന്നു. 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാക്കി ഹൈദരാബാദിന് 36 പോയിന്റാണുള്ളത്. 22-ാം മിനിറ്റില്‍ പെരേര പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. നിഖില്‍ പൂജാരിയുടെ പിഴവില്‍ നിന്നാണ് മുംബൈക്ക് പെനാല്‍റ്റി ലഭിക്കുന്നത്. 

വലത് വിംഗില്‍ നിന്ന് ബിബിന്‍ സിംഗിനെ ലക്ഷ്യമാക്കി ലാലിയന്‍സുവാലയുടെ ക്രോസ്. ഫാര്‍പോസ്റ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്ന ബിബിന്‍ പന്ത് ഹെഡ് ചെയ്തു. എന്നാല്‍ പൂജാരിയുടെ കയ്യില്‍ തട്ടിയതോടെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. മധ്യത്തിലേക്ക് പെനാല്‍റ്റിയടിച്ച മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ്് താരത്തിന് ഗോള്‍ കീപ്പറെ കബളിപ്പിക്കാനായി. ആദ്യപാതി 1-0ത്തിന് അവസാനിച്ചു.  65-ാം മിനിറ്റിലാണ് നിലവിലെ ചാംപ്യന്മാരായ ഹൈദരാബാദിന്റെ മറുപടി ഗോളെത്തിയത്. മുഹമ്മദ് യാസിറിന്റെ സഹായത്താലായിരുന്നു ഗോള്‍. ഹൈദരാബാദിന് ലഭിച്ച ആദ്യത്തെ ഗോള്‍ അവസരം കൂടിയായിരുന്നു അത്. വലത് വിംഗിലൂടെ പന്തുമായി യാസിര്‍ മുന്നേറി. മുന്നോട്ട് നീട്ടില്‍ നല്‍കിയ പന്ത് ഹിതേഷ് ഓടിയെടുത്തു. ആദ്യ ശ്രമത്തില്‍ തന്നെ ഗോള്‍ കീപ്പറെ മറികടക്കാന്‍ ഹിതേഷിനായി. സ്‌കോര്‍ 1-1.

ചെല്‍സിക്ക് ഇനി പുത്തന്‍ താരങ്ങളെ മതി! ചാംപ്യന്‍സ് ലീഗ് ടീമില്‍ നിന്ന് ഔബമയാങ് പുറത്ത്

tags
click me!