ലോകകപ്പ് യോഗ്യത: ഫുട്ബോള്‍ ആരാധകരെ ഇരുട്ടില്‍ നിര്‍ത്തി ഉത്തര കൊറിയ-ദക്ഷിണ കൊറിയ പോരാട്ടം ഇന്ന്

By Web TeamFirst Published Oct 15, 2019, 2:38 PM IST
Highlights

മത്സരം നേരിട്ട് കാണാനും ദക്ഷിണ കൊറിയന്‍ ആരാധകര്‍ക്ക് അനുവാദമില്ല. ദക്ഷിണ കൊറിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമില്ല.

പ്യോംഗ്‌യാങ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉത്തര കൊറിയ-ദക്ഷിണ കൊറിയ പോരാട്ടം ഇന്ന്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഉത്തര കൊറിയയില്‍ ഫുട്ബോള്‍ കളിക്കാനായി ദക്ഷിണ കൊറിയ എത്തുന്നത്. മത്സരത്തിന്റെ തത്സമയം സംപ്രേക്ഷണം ഉത്തര കൊറിയ തടഞ്ഞതിനാല്‍ ദക്ഷിണ കൊറിയന്‍ ആരാധകര്‍ക്ക് മത്സരം ടെലിവിഷനിലൂടെ കാണാനാവില്ല.

മത്സരം നേരിട്ട് കാണാനും ദക്ഷിണ കൊറിയന്‍ ആരാധകര്‍ക്ക് അനുവാദമില്ല. ദക്ഷിണ കൊറിയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവാദമില്ല. ദക്ഷിണ കൊറിയന്‍ ഫുട്ബോള്‍ അസോസിയേഷനിലെ മുപ്പതംഗ സംഘത്തിന് മാത്രമെ മത്സരം നേരില്‍ക്കാണാന്‍ ഉത്തര കൊറിയ അനുമതി നല്‍കിയിട്ടുള്ളു. മത്സരത്തിന്റെ ഡിവിഡി ഫൂട്ടേജ് ദക്ഷിണ കൊറിയന്‍ സംഘത്തിന് കൈമാറുമെന്ന് മാത്രമാണ് ഉത്തര കൊറിയ ഉറപ്പു നല്‍കിയിരിക്കുന്നത്.

50000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ഉത്തര കൊറിയയിലെ കിം ഇല്‍ സംഗ് സ്റ്റേഡിയത്തിലാണ് മത്സരം.10 വര്‍ഷം മുന്പാണ് ഇരു ടീമുകളും ഇതിനു മുന്പ് ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചത്. അന്ന് ദക്ഷിണ കൊറിയ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. എന്നാല്‍ മത്സരത്തിന് മുന്പ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ തങ്ങളുടെ കളിക്കാര്‍ക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണവുമായി ഉത്തര കൊറിയ പിന്നീട് രംഗത്തെത്തി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാങില്‍ 30 വര്‍ഷത്തിനുശേഷമാണ് ഇരു ടീമുകളും നേര്‍ക്കും നേര്‍വരുന്നത്.

കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്ര നടപടികളുമായി കായിക രംഗത്ത് ഒരുമിച്ച് നില്‍ക്കാന്‍ ധാരണായായിരുന്നു. ഇതിന്റെ ഭാഗമായി ശീതകാല ഒളിംപിക്സില്‍ ഇരു രാജ്യങ്ങളുടെയും ഹോക്കി ടീമുകള്‍ ഒരുമിച്ചാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. 2032ല്‍ സംയുക്തമായി ഒളിംപിക്സിന് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.

click me!