അറ്റ്‌ലാന്‍റ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അര്‍ജന്‍റീന പരമ്പരാഗതമായ ആകാശനീലയും വെള്ളയും വരകളുള്ള ഹോം ജേഴ്സിക്ക് പകരം തങ്ങളുടെ രണ്ടാമത്തെ ജേഴ്സിയായ നേവി ബ്ലൂ അണിഞ്ഞ് കളിക്കാൻ ഇറങ്ങും. ഇത്തവണ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ജോർദാനെതിരെ (3-1) മാത്രമാണ് അർജന്‍റീന നേവി ബ്ലൂ ജേഴ്സി ധരിച്ചിറങ്ങിയത്. ബാക്കി മത്സരങ്ങളിലെല്ലാം ആകാശനീലയും വെള്ളയും വരകളുള്ള ഹോം ജേഴ്സിയായിരുന്നു വേഷം.ടൂർണമെന്റിലെ ജേഴ്സി നിയമങ്ങള്‍ മൂലമാണ് ഈ മാറ്റമെന്ന് ഫിഫ വ്യക്തമാക്കുമ്പോഴും, ഇതിന് പിന്നിൽ അർജന്‍റീനയുടെ ചില 'അന്ധവിശ്വാസങ്ങളും' ചരിത്രവുമുണ്ടെന്നാണ് അർജന്‍റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള അർജന്‍റീനയുടെ ഏറ്റവും ഐതിഹാസികമായ രണ്ട് ലോകകപ്പ് വിജയങ്ങളും നേവി ബ്ലൂ ജേഴ്സിയിലായിരുന്നു.
ഡീഗോ മറഡോണയുടെ 'ദൈവത്തിന്‍റെ കൈ' ഗോളും 'നൂറ്റാണ്ടിന്‍റെ ഗോളും' പിറന്ന 1986-ലെ മെക്സിക്കോ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അര്‍ജന്‍റീന ധരിച്ചിരുന്നത് നേവി ബ്ലൂ ജേഴ്സി ആയിരുന്നു. അന്ന് ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയാണ് അർജന്‍റീന സെമിയിലേക്ക് മുന്നേറിയത്. ആ ചരിത്ര വിജയം ഇംഗ്ലീഷ് ടീമിന്‍റെ മനസിൽ ഭയവും തങ്ങൾക്ക് ആത്മവിശ്വാസവും നൽകുമെന്നാണ് അർജന്‍റീനിയൻ മാനേജ്മെന്‍റ് കരുതുന്നത്.
1998 ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്‍റീന പെനൽറ്റി ഷൂട്ടൗട്ടിൽ (4-3) ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോഴും ധരിച്ചിരുന്നത് നേവി ബ്ലൂ ജേഴ്സി ആയിരുന്നു. എന്നാൽ 2002 ലോകകപ്പില്‍ ഡേവിഡ് ബെക്കാമിന്‍റെ പെനൽറ്റി ഗോളിൽ ഇംഗ്ലണ്ടിനോട് 0-1ന് തോറ്റ് അർജന്‍റീന പുറത്തായ മത്സരത്തില്‍ ധരിച്ചിരുന്നത് തങ്ങളുടെ പരമ്പരാഗതമായ ആകാശനീലയും വെള്ളയും ജേഴ്സി ആയിരുന്നു. അതുകൊണ്ടുതന്നെ നേവി ബ്ലൂ ജേഴ്സി ഇംഗ്ലണ്ടിനെതിരെ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് അർജന്‍റീന. അതേസമയം, ഇംഗ്ലണ്ട് തങ്ങളുടെ വെള്ള ജേഴ്സിയില്‍ തന്നെയാവും ഇറങ്ങുക.
സാധാരണയായി ഇരുടീമുകളും തങ്ങളുടെ ഹോം ജേഴ്സി ധരിക്കണമെന്നാണ് ഫിഫയുടെ താൽപര്യമെങ്കിലും, ജേഴ്സികളുടെ നിറങ്ങൾ തമ്മിൽ ആശയക്കുഴപ്പമുണ്ടായാൽ എവേ ജേഴ്സി ഉപയോഗിക്കാൻ അനുവദിക്കാറുണ്ട്. കാണികൾക്ക് ടിവിയിലും സ്റ്റേഡിയത്തിലും മത്സരം വ്യക്തമായി ആസ്വദിക്കാൻ വേണ്ടി ഒരു ടീം കടുത്ത നിറമുള്ള ജേഴ്സിയും രണ്ടാമത്തെ ടീം ഇളം നിറത്തിലുള്ള ജേഴ്സിയും ധരിക്കണമെന്ന് ഫിഫ തന്നെ നിര്‍ദേശിക്കാറുമുണ്ട്. ക്വാർട്ടർ ഫൈനലിൽ അധികസമയത്ത് നോർവേയെ 2-1 ന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. മറുവശത്ത് 10 പേരുമായി ചുരുങ്ങിയ സ്വിറ്റ്‌സർലൻഡിനെ അധികസമയത്ത് 3-1 ന് തകർത്താണ് അർജന്‍റീന സെമി ടിക്കറ്റെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!