'എംബാപെയോ മെസിയോ ബെല്ലിങ്ങ്ഹാമോ? ആര് നേടും ഗോൾഡൻ ബോൾ'; സെമി ഫൈനൽ പോരാട്ടം നിർണായകം

Published : Jul 14, 2026, 11:31 AM IST
Messi, Mbappe, Olise and Bellingham who will win fifa World Cup 2026 Golden Ball

Synopsis

Messi, Mbappe, Olise and Bellingham who will win fifa World Cup 2026 Golden Ball. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. എട്ട് ഗോളുകൾ വീതം നേടിയ മെസ്സിയും എംബാപ്പെയും മുൻനിരയിലുണ്ട്. ഇംഗ്ലണ്ടിന്റെ ബെല്ലിങ്ഹാം, കെയ്ൻ, സ്പെയിനിന്റെ റോഡ്രി, ഫ്രാൻസിന്റെ ഒലിസെ എന്നിവരും ശക്തമായ വെല്ലുവിളി ഉയർത്തുന്നു.

ന്യൂയോർക്ക്: ലോകകിരീടത്തിനായി ടീമുകൾ തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ മറ്റൊരു പോരാട്ടം കൂടി സജീവമാണ്. വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള മത്സരം. ലോകകപ്പിലെ ഏറ്റവും മികച്ച, താരത്തിന് നൽകുന്ന 'ഗോൾഡൻ ബോൾ' ആരുടെ കൈകളിലെത്തുമെന്നത് ഇക്കുറി പ്രവചനാതീതമാണ്. ഗോൾഡൻ ബോളിനായി സൂപ്പർ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാണ്. ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ള നിരവധി കളിക്കാർ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. സെമിഫൈനൽ പോരാട്ടങ്ങളുടെ ഫലവും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും ഈ റാങ്കിങ്ങിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം.

ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി മെസ്സി കുതിക്കുകയാണ്. ഇത്തവണയും ഗോൾഡൻ ബോൾ സ്വന്തമാക്കാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന താരം കൂടിയാണ് മെസി. അർജന്റീന ഫൈനലിൽ എത്തുകയോ വിജയിക്കുകയോ ചെയ്‌താൽ ഗോൾഡൻ ബോൾ എന്തായാലും മെസി തന്നെ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മെസ്സി മാറി. സ്വിറ്റ്സർലൻഡിനെതിരെ മാക് അലിസ്റ്റർക്ക് നൽകിയ അസിസ്റ്റോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി.

മെസ്സിയുടെ അവിശ്വസനീയ പ്രകടനത്തിനൊപ്പം നിൽക്കാൻ ഒരാൾക്കേ സാധിക്കൂ–അത് കിലിയൻ എംബപെയാണ്. ഫിഫയുടെ ഓവറോൾ പവർ റാങ്കിങ്ങിൽ ഒന്നാമതുള്ള എംബപെ മെസ്സിക്കൊപ്പം 8 ഗോളുകളുമായി ടോപ്പ് സ്കോറർ സ്ഥാനത്തുണ്ട്. മെസ്സിയേക്കാൾ ഒരു അസിസ്റ്റ് കൂടുതലുമുണ്ട്. നിലവിൽ ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കിടിലൻ എംബാപെ തന്നെയാണ്.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകൾ നേടി ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച ബെല്ലിങ്ഹാം ഒരു ബിഗ് ഗെയിം പ്ലെയറാണ്. ഒരു ലോകകപ്പിൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയർന്ന ഗോൾ വേട്ടയിൽ ഹാരി കെയ്നൊപ്പമാണ് ബെല്ലിങ് ഹാം. ഗോളുകൾക്ക് പുറമെ, പ്രതിരോധത്തിലുൾപ്പെടെ ഓടിക്കളിക്കുന്ന ബെല്ലിങ്ഹാം ആരാധകരെ വിസ്മയിപ്പിക്കുന്നു. ഗോൾഡൻ ബോളിനുള്ള പോരാട്ടത്തിലും ബെല്ലിങ്ങ്ഹാം, മുന്നിൽ തന്നെയുണ്ട്. ഈ ടൂർണമെന്റിൽ ഇതുവരെ 6 ഗോളുകൾ നേടികഴിഞ്ഞ ഹാരി കെയിനും ഗോൾഡൻ ബോളിനുള്ള പട്ടികയിലുണ്ട്. കോംഗോയ്ക്കെതിരായ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിനെ തോളിലേറ്റി പ്രീ ക്വാർട്ടറിലേക്ക് നയിച്ച കെയ്ൻ സെമിഫൈനലിൽ അർജന്റീനയ്ക്കെതിരെ ഗോളുകൾ അടിച്ചുകൂട്ടിയാൽ അത് ഗോൾഡൻ ബോൾ സാധ്യതകൾ വർധിപ്പിക്കും.

ആറ് മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധത്തെയും മധ്യനിരയെയും നിയന്ത്രിക്കുന്ന റോഡ്രിയാണ് ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ള മറ്റൊരു താരം. ഫിഫയുടെ പവർ റാങ്കിങ്ങിൽ ഡിഫൻഡിങ് കാറ്റഗറിയിൽ ഒന്നാമതാണ് റോഡ്രി.

അതേസമയം ഫ്രഞ്ച് മധ്യനിരയുടെ എഞ്ചിൻ മൈക്കിൾ ഒലിസെയും ഗോൾഡൻ ബോൾ പട്ടികയിലുണ്ട്. കിലിയൻ എംബാപെയുടെയും ഉസ്മാൻ ഡെംബലെയുടെയും വഴികാട്ടി. ഈ ലോകകപ്പിൽ അഞ്ച് അസിസ്റ്റുകളുമായി ഒലിസെ മുന്നിലാണ്. മെസ്സിയും എംബപെയും തമ്മിലുള്ള പോരാട്ടമായി ഇത് മാറുമോ, അതോ ബെല്ലിങ്ഹാമോ കെയ്നോ സ്പാനിഷ് കരുത്തനായ റോഡ്രിയോ ഈ അവാർഡ് തട്ടിയെടുക്കുമോ? ജൂലൈ 19ന് ലോകകപ്പ് കിരീടത്തിനൊപ്പം പ്രഖ്യാപിക്കപ്പെടുന്ന ആ സുവർണ താരം ആരായിരിക്കുമെന്ന് അറിയാൻ ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു'; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
ലോകകപ്പിലെ 'എൽ ക്ലാസിക്കോ' പോരിന് കളമൊരുങ്ങുന്നു; താരമാവാൻ പോകുന്നത് യമാലോ എംബാപെയോ?