ലെവന്‍ഡോവ്‌സികി ബാഴ്‌സലോണയിലെത്തുമോ? ഒളിവര്‍ കാനും സാവിയും പറയുന്നതിങ്ങനെ

By Web TeamFirst Published Apr 15, 2022, 3:11 PM IST
Highlights

ജര്‍മനിയില്‍ ലെവന്‍ഡോവ്‌സ്‌കി നേടാത്തതൊന്നുമില്ല. ആഭ്യന്തരകിരീടങ്ങള്‍ വാരിക്കൂട്ടി. ചാംപ്യന്‍സ് ലീഗിലും ഒപ്പുവച്ചു. റെക്കോര്‍ഡ് ബുക്കില്‍ പലവട്ടം പേരെഴുതി. കിട്ടാനുള്ളത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മാത്രം.

ബാഴ്‌സലോണ: ബയേണ്‍ മ്യൂണിക്കിന്റെ (Bayern Munich) സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സലോണയിലെത്തുമോ? പോളണ്ട് താരത്തെ ടീമിലെത്തിക്കാന്‍ ബാഴ്‌സ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ലിയോണല്‍ മെസിയോടും (Lionel Messi) ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടും (Cristiano Ronaldo) മത്സരിക്കുന്ന ലെവന്‍ഡോവ്‌സ്‌കി എട്ട് വര്‍ഷമായി ബയേണ്‍ മ്യൂണിക്കിന്റെ എല്ലാമെല്ലാമാണ്.

ജര്‍മനിയില്‍ ലെവന്‍ഡോവ്‌സ്‌കി നേടാത്തതൊന്നുമില്ല. ആഭ്യന്തരകിരീടങ്ങള്‍ വാരിക്കൂട്ടി. ചാംപ്യന്‍സ് ലീഗിലും ഒപ്പുവച്ചു. റെക്കോര്‍ഡ് ബുക്കില്‍ പലവട്ടം പേരെഴുതി. കിട്ടാനുള്ളത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മാത്രം. കഴിഞ്ഞ സീസണില്‍ മെസ്സിക്ക് മുന്നില്‍ നഷ്ടമായ ബാലണ്‍ ഡി ഓര്‍ നേടാന്‍ ബാഴ്‌സലോണയിലേക്ക് പോകാന്‍ ലെവന്‍ഡോവ്‌സ്‌കി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2023 വരെയാണ് ബയേണ്‍ മ്യൂണിക്കുമായി ലെവന്‍ഡോവ്‌സികിയുടെ കരാര്‍. 

ഈ സീസണില്‍ യൂറോപ്പ ലീഗ് കളിക്കേണ്ടി വന്ന ബാഴ്‌സലോണ അടുത്ത സീസണിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ലെവന്‍ഡോവ്‌സ്‌കി മികച്ച താരമാണെന്നും താരക്കൈമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നുമാണ് പരിശീലകന്‍ സാവിയുടെ പ്രതികരണം. സീസണില്‍ 41 മത്സരങ്ങളില്‍ 47 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി അടിച്ചുകൂട്ടിയത്.

എന്നാല്‍ ഏതുവിധേനയും ലെവന്‍ഡോവ്‌സ്‌കിയെ ടീമില്‍ നിലനിര്‍ത്താനാണ് ബയേണ്‍ മാനേജ്‌മെന്റിന്റെ തീരുമാനം. 30 മുതല്‍ 40 വരെ ഗോളുകള്‍ എല്ലാ സീസണിലും നേടുന്ന ഒരു താരത്തിന്റെ ട്രാന്‍സ്ഫര്‍ വാര്‍ത്ത വിഡ്ഡിത്തമാണെന്ന് ബയേണ്‍ സിഇഒ ഒളിവര്‍ കാന്‍ വ്യക്തമാക്കി. 2014ല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് പോളണ്ട് താരം ബയേണിലെത്തിയത്.
 

click me!