
ബ്യൂണസ് ഐറീസ്: ഖത്തറിൽ അർജന്‍റീന ഫുട്ബോള്‍ ടീം ലോക ചാമ്പ്യൻമാരായിട്ട് ഇന്നേക്ക് ഒരു വർഷം. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിൽ കിലിയന്‍ എംബാപ്പെയുടെ ഫ്രാൻസിനെ മറികടന്നായിരുന്നു ലിയോണൽ മെസിയുടെയും സംഘത്തിന്‍റേയും കിരീടധാരണം.
പൂർണതയിലേക്കുള്ള ലിയോണൽ മെസിയുടെ സഞ്ചാരപഥം അവസാനിച്ച നിമിഷം. അർജന്‍റീനയുടെ മുപ്പത്തിയാറാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിച്ച നിമിഷം. ലോകമെമ്പാടുമുള്ള അർജന്‍റൈൻ ആരാധകരുടെ പ്രാർഥനകൾ സഫലമായ നിമിഷം. ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു ഖത്തറില്‍ ഫുട്ബോള്‍ രാജാക്കാന്‍മാരായി അര്‍ജന്‍റീനയുടെ നീലപ്പട മാറിയപ്പോള്‍. ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ലിയോണൽ മെസിയുടെ അർജന്‍റീന വിശ്വവിജയികളായത് കഴിഞ്ഞ വർഷം ഇതേ ദിവസമാണ്.
സംഭവബഹുലമായിരുന്നു 2022 ഡിസംബർ പതിനെട്ടിലെ രാത്രി. ലിയോണല്‍ മെസിയിലൂടെ ഇരുപത്തിമൂന്നാം മിനിറ്റിൽ അർജന്റീന മുന്നിലെത്തി. മെസിയുടെ വിജയമാലാഖയായ ഏഞ്ചൽ ഡി മരിയ (36-ാം മിനുറ്റ്) കൂടി ലക്ഷ്യം കണ്ടപ്പോൾ അർജന്‍റീനയുടെ പ്രതീക്ഷകൾക്ക് കനംവച്ചു. എന്നാല്‍ കിരീടമുറപ്പിച്ച് അർജന്‍റീന ലോംഗ് വിസിലിലേക്ക് പന്ത് തട്ടുമ്പോഴായിരുന്നു കിലിയൻ എംബാപ്പേയുടെ ഇരട്ടപ്രഹരം. 80, 81 മിനിറ്റുകളിൽ വലകുലുക്കി കിലിയന്‍ എംബാപ്പെ അര്‍ജന്‍റീനയെ ഞെട്ടിച്ചു. ഫുട്ബോൾ ലോകം തരിച്ചുപോയ നിമിഷങ്ങളായി അത്. പോരാട്ടം അധികസമയത്തേക്ക് നീണ്ടപ്പോള്‍ നൂറ്റിയെട്ടാം മിനിറ്റിൽ മെസിയിലൂടെ അർജന്‍റീന വീണ്ടും മുന്നിലെത്തി.
എന്നാല്‍ കിലിയന്‍ എംബാപ്പെയിലൂടെ 118-ാം മിനുറ്റില്‍ വീണ്ടും ഫ്രാൻസ് മറുപടി നല്‍കിയതോടെ കളി അനിശ്ചിതത്വത്തിലേക്ക് നീണ്ടു. അനശ്വരതയിലേക്കുള്ള മെസിയുടെ പാതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 120 മിനിറ്റിന് ശേഷവും ഇരു ടീമുകളും 3-3ന് ഒപ്പത്തിനൊപ്പം തുടര്‍ന്നതോടെ ഒടുവില്‍ സമനില തെറ്റിക്കാൻ അനിവാര്യമായ ഷൂട്ടൗട്ട് വേണ്ടിവന്നു. പിന്നെയെല്ലാം മെസിപ്പടയുടെ കിരീടധാരണത്തിലാണ് ചെന്നവസാനിച്ചത്. ഷൂട്ടൗട്ടിലെ സ്കോര്‍: 4-2. ലോകമെമ്പാടുമുള്ള അര്‍ജന്‍റീന ആരാധകര്‍ ആഘോഷത്തിമിര്‍പ്പിലാണ് വിശ്വവിജയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം