അത് വ്യാജ വാര്‍ത്ത; ഫ്രാന്‍സിന് വേണ്ടി കളിക്കില്ലെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് പോൾ പോഗ്ബ

By Web TeamFirst Published Oct 26, 2020, 5:41 PM IST
Highlights

ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും രാജിവച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ.

പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും രാജിവച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. മാഞ്ചസ്റ്റര്‍ യുനെറ്റഡ് താരം ഇത്തരം ഒരു തീരുമാനം എടുത്തുവെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്  ഇംഗ്ലീഷ് ടാബ്ലോയിഡായ ദ സൺ ആണ്. എന്നാല്‍ ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിന് മുകളില്‍ ഫേക്ക് ന്യൂസ് എന്ന് എഴുതിയാണ് ട്വിറ്ററിലൂടെ ഫ്രഞ്ച് താരം വാര്‍ത്ത നിഷേധിച്ചത്. 

കഴിഞ്ഞ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസ് ഫുട്ബോൾ ടീമിലെ താരമായിരുന്നു പോൾ പോഗ്ബ. പ്രവാചക നിന്ദ എന്നാരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോൺ പ്രസ്താവന നടത്തിയത്. 

pic.twitter.com/k6caKkUzid

— Paul Pogba (@paulpogba)

47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. തുടർന്ന് അധ്യാപകൻ്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോൻ മുസ്ലിം ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവൽ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു.

2013ൽ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ മാതാപിതാക്കൾക്കു പിറന്ന പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.

click me!