
ടൂറിന്‍: കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ തള്ളി അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാലയും യുവന്‍റസും. വ്യാഴാഴ്‌ച യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിബാലയും അസുഖബാധിതനാണ് എന്ന് ഇറ്റാലിയന്‍ മാധ്യമം എല്‍ നാസിയോണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
Read more: യുവന്‍റസ് താരം റുഗാനിക്ക് കൊവിഡ് 19; ക്രിസ്റ്റ്യാനോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍
എന്നാല്‍ പരക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടും ഡിബാല ട്വിറ്ററില്‍ രംഗത്തെത്തി. "എല്ലാവര്‍ക്കും നമസ്‌ക്കാരം, ഞാന്‍ സുഖമായിരിക്കുന്നു. സ്വമേധയാ ഐസലോഷനിലായതാണ് എന്ന് അറിയിക്കട്ടെ. എല്ലാവരുടെയും കുശലാന്വേഷണങ്ങള്‍ക്ക് നന്ദി, നിങ്ങളേവരും സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു"- ഇതായിരുന്നു പൗലോ ഡിബാലയുടെ ട്വീറ്റ്.
യുവന്‍റസ് താരങ്ങള്‍ നിരീക്ഷണത്തില്‍
റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ യുവന്‍റസ് താരങ്ങളും പരിശീലകരും ഉള്‍പ്പടെ 121 പേര്‍ കര്‍ശന നിരീക്ഷണത്തിലാണ്. യുവന്‍റസ് എല്ലാം മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. പോര്‍ച്ചുഗലിലെ വീട്ടില്‍ ഹോം ഐസലോഷനില്‍ കഴിയുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ ലീഗായ സീരി എ നേരത്തതന്നെ മത്സരങ്ങളെല്ലാം മാറ്റിവച്ചിരുന്നു.
മത്സരങ്ങള്‍ റദ്ദാക്കി വമ്പന്‍ ലീഗുകള്‍
ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റ, ചെല്‍സി താരം ക്വാലം ഹഡ്‌സണ്‍ ഒഡോയ് എന്നിവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്‍റെ സൗഹൃദമത്സരങ്ങളും എഫ്‌എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്‌പാനിഷ് ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. ജനുവരി 30ന് ഫുട്ബോള്‍ മത്സരങ്ങളെല്ലാം ചൈന ഉപേക്ഷിച്ചിരുന്നു.
Read more: കൊവിഡ് 19: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!