
രണ്ട് പതിറ്റാണ്ടിലേറെ ഫുട്ബോൾ മൈതാനങ്ങൾ വാണ പെലെ എന്ന ഫുട്ബോൾ ഇതിഹാസം തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചതും ജീവിതം പോലെ തന്നെ അതിനാടകീയമായി. ഒരുകളിക്കാരനും ഇതുവരെ ലഭിച്ചിട്ടില്ലാത്ത മനോഹരമായ യാത്രയയപ്പാണ് പെലെക്ക് ഫുട്ബോൾ ലോകം നൽകിയത്. ജന്മനാട്ടിൽ മാത്രമല്ല, അമേരിക്കയിലും താരമായിരുന്നു പെലെ. ബ്രസീൽ ക്ലബായ സാന്റോസിനും ന്യൂയോർക്ക് കോസ്മോസിനും വേണ്ടി പെലെ ബൂട്ടുകെട്ടി. അമേരിക്കയിൽ ഫുട്ബോൾ ജ്വരം വളർന്നതും പെലെയുടെ മാസ്മരിക പ്രകടനം കണ്ടിട്ടുതന്നെ.
പെലെയുടെ ഫുട്ബോൾ കളി പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിയെ അവസാന മത്സരവും. അതിമനോഹരം!. തന്റെ ക്ലബുകളായിരുന്ന സാന്റോസിന് വേണ്ടിയും ന്യയോർക്ക് കോസ്മോസിന് വേണ്ടിയും അവസാന മത്സരത്തിൽ അദ്ദേഹം ബൂട്ടുകെട്ടി. ഇരുപകുതികളിലുമായി ഓരോ ടീമിനുവേണ്ടിയും കളത്തിലിറങ്ങി. പെലെ കളിയ്ക്കുക എന്നത് മാത്രമായിരുന്നു ആർത്തുവിളിച്ച ഗ്യാലറിയുടെ ആവശ്യം. 1977ലായിരുന്നു മത്സരം. ഒക്ടോബർ ഒന്നിന് ഈസ്റ്റ് റൂഥർഫോർഡിലെ ദി മെഡോലാൻഡ്‌സിലാണ് മത്സരം സംഘടിപ്പിച്ചത്.
പെലെയുടെ ആദ്യത്തെ പ്രൊഫഷണൽ ടീമായ ബ്രസീലിയൻ ക്ലബ് സാന്റോസ് എഫ്‌സിയും അവസാന ക്ലബായ നോർത്ത് അമേരിക്കൻ സോക്കർ ലീഗിലെ ന്യൂയോർക്ക് കോസ്‌മോസും തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു വേദി. പെലെയുടെ കളികാണാൻ 73,699 കാണികളാണ് ഗ്യാലറിയിലേക്ക് ഒഴുകിയത്. മത്സരം എബിസിയുടെ വൈഡ് വേൾഡ് ഓഫ് സ്പോർട്സിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ഉൾപ്പെടെയുള്ള പ്രമുഖരാണ് കളി കാണാനെത്തിയത്. ആദ്യ പകുതിയിൽ ന്യൂയോർക്ക് കോസ്മോസിന് വേണ്ടി കളത്തിലിറങ്ങിയ പെലെ, രണ്ടാം പകുതിയിൽ ജഴ്സി മാറി സാന്റോസ് എഫ്‌സിക്ക് വേണ്ടി കളിച്ചു. കോസ്‌മോസിന് 30 വാര അകലെ നിന്ന് മനോഹരമായ ഒരു ഫ്രീകിക്ക് ഗോളും പെലെ നേടി. പെലെയുടെ അവസാന ഗോളും ഇതായിരുന്നു. തന്റെ രണ്ട് ഇഷ്ട ക്ലബുകൾക്കായി ഒരേകളിയിൽ കളിച്ചാണ് തന്റെ 22 വർഷത്തെ പ്രൊഫഷണൽ ജീവിതം അവസാനിപ്പിച്ച് പെലെ മൈതാനം വിട്ടത്. പെലെയുടെ അവസാന മത്സരത്തിന് ശേഷം ആകാശം പോലും കരയുകയായിരുന്നുവെന്നാണ് ഒരു ബ്രസീലിയൻ പത്രത്തിന്റെ അടുത്ത ദിവസത്തെ തലക്കെട്ട്.
1975-ൽ കോസ്‌മോസിൽ ചേർന്ന പെലെ ലീഗിലെ പ്രധാന താരമായിരുന്നു. തന്റെ പ്രൊഫഷണൽ കരിയറിലെ അവസാന രണ്ട് വർഷം ന്യൂയോർക്കിൽ കളിച്ച അദ്ദേഹം 64 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടി. അവസാന മത്സരത്തിന് ശേഷം തന്റെ ജേഴ്‌സി പിതാവിനും ഉപദേശകനും പരിശീലകനും സമ്മാനിച്ചു. അദ്ദേഹത്തിന്റെ സാന്റോസ് ജഴ്സി വാൾഡെമർ ഡിബ്രിട്ടോയ്ക്ക് സമ്മാനിച്ചു. ആയിരത്തിലേറെ ഗോളുകളും മൂന്ന് ലോകകിരീടങ്ങളും നേടി ഇതിഹാസമായ പെലെ, കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞത്.
പത്താം നമ്പറിനു അമരത്വം നൽകിയ പെലെ; ഇതിഹാസത്തിന്റ ഓർമയിൽ നെയ്മറും മെസിയും