
വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ (Nations League) ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് ഇന്ന് ഓസ്ട്രിയയെ നേരിടും. രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമുള്ള ഫ്രാന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കരിം ബെന്‍സേമ (Karim Benzema), കിലിയന്‍ എംബാപ്പേ മുന്നേറ്റ ജോഡിയിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. രാത്രി 12.15നാണ് കളി തുടങ്ങുക. ഇതേസമയം തന്നെ ക്രോയേഷ്യ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തുള്ള ഡെന്‍മാര്‍ക്കുമായി ഏറ്റുമുട്ടും. ഫ്രാന്‍സിനെയും (France Football) ഓസ്ട്രിയയെയും തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഡെന്‍മാര്‍ക്ക് ഇറങ്ങുക. ക്രോയേഷ്യക്ക് രണ്ട് കളിയില്‍ ഒരു പോയിന്റ് മാത്രമാണുള്ളത്.
അതേസമയം പോര്‍ച്ചുഗല്‍ കഴിഞ്ഞ ദിവസം വിജയം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. 33ആം മിനിറ്റില്‍ ജാവോ കാന്‍സെലോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഗോണ്‍സാലോ ഗെഡസ് ലീഡുയര്‍ത്തി. മൂന്ന് കളിയില്‍ ഏഴ് പോയിന്റുമായി പോര്‍ച്ചുഗലാണ് ഗ്രൂപ്പില്‍
സ്വിറ്റ്‌സര്‍ലന്‍ഡിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. പതിമൂന്നാം മിനുറ്റില്‍ പാബ്ലോ സറാബിയ ആണ് ഗോള്‍ നേടിയത്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിന് സെര്‍ബിയ തോല്‍പ്പിച്ചു. ലൂക്കാ ജോവിച്ചാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. നോര്‍വെയെ സ്ലൊവേനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
അര്‍ജന്റീന- ബ്രസീല്‍ മത്സരമില്ല
ഖത്തര്‍ ലോകകപ്പിന് മുന്‍പ് ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത മങ്ങി. നാളെ ഇരുടീമും ഓസ്‌ട്രേലിയയില്‍ ഏറ്റുമുട്ടേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താന്‍ കഴിയില്ലെന്ന് അര്‍ജന്റൈന്‍ ടീം സംഘാടകരെ അറിയിക്കുകയായിരുന്നു. 60,000-ലേറെ ടിക്കറ്റുകള്‍ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിക്ടോറിയ സ്പോര്‍ട്സ് മന്ത്രി മാര്‍ട്ടിന്‍ പകുല പറഞ്ഞു. അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് യോഗ്യതാ റൗണ്ടിനിടെ നടന്ന അര്‍ജന്റീന- ബ്രസീല്‍ മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുടീമും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!