പ്രീമിയര്‍ ലീഗ് മത്സരക്രമം പുറത്തുവിട്ടു; ലിവര്‍പൂള്‍-എവര്‍ട്ടന്‍ പോരാട്ടം 21ന്

By Web TeamFirst Published Jun 5, 2020, 8:43 PM IST
Highlights

21നാണ് ആരാധകര്‍ കാത്തിരിക്കുന്ന ലിവര്‍പൂളിന്റെ പോരാട്ടം. 30 വര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗില്‍ കിരീടധാരണത്തിനൊരുങ്ങുന്ന ലിവര്‍പൂളിന് എവര്‍ട്ടനാണ് എതിരാളികള്‍.

ലണ്ടന്‍: കൊവിഡ് 19മൂലം നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം 17ന് പുനരാരംഭിക്കും. 100 ദിവസത്തെ ഇടവേളക്കുശേഷമാണ് പ്രീമിയര്‍ ലീഗില്‍ വീണ്ടും പന്തുരുളുന്നത്. 17ന് ആസ്റ്റണ്‍വില്ല-ഷെഫീല്‍ഡ് യുനൈറ്റഡ് മത്സരമാണ് ആദ്യം. ഇതേദിവസം മാഞ്ചസ്റ്റര്‍ സിറ്റി-ആഴ്സണലിനെ നേരിടും. 19നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ടോട്ടനം മത്സരം. നോര്‍വിച്ച് സിറ്റി-സതാംപ്ടണ്‍ മത്സരവും 19ന് നടക്കും. 20ന് വാറ്റ്ഫോര്‍ഡ് ലെസസ്റ്റര്‍ സിറ്റിയെയും, ബ്രൈട്ടന്‍, ആഴ്സണലിനെയും വെസ്റ്റ് ഹാം, വോള്‍വ്സി‌നെയും ബേണ്‍മൗത്ത്, ക്രിസ്റ്റല്‍ പാലസിനെയും നേരിടും.

21നാണ് ആരാധകര്‍ കാത്തിരിക്കുന്ന ലിവര്‍പൂളിന്റെ പോരാട്ടം. 30 വര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗില്‍ കിരീടധാരണത്തിനൊരുങ്ങുന്ന ലിവര്‍പൂളിന് എവര്‍ട്ടനാണ് എതിരാളികള്‍. നിഷ്പക്ഷ വേദിയിലായിരിക്കും മത്സരമെന്നാണ് സൂചന. അന്നേദിവസം ചെല്‍സി ആസ്റ്റണ്‍വില്ലയെയും ന്യൂകാസില്‍ ഷെഫീല്‍ഡ് യുനൈറ്റഡിനെയും നേരിടും. മൂന്ന് മാസത്തെ ഇടവേള വന്നതില്‍ ചെറിയ ഇടവേളയില്‍ ടീമുകള്‍ക്ക് കൂടുതല്‍ മത്സരം എന്ന രീതിയിലാവും ടൂര്‍ണമെന്റ് നടക്കുക.

ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ചെല്‍സിക്ക് ഏഴ് ദിവസത്തിനുള്ളില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടിവരും. ജൂണ്‍21ന് നടക്കുന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയാണ് ചെല്‍സിയുടെ ആദ്യ എതിരാളി. 25ന് മാഞ്ചസ്റ്റര്‍ സിറ്റിയെയും ജൂലൈ 1ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഹാമുമാണ് ചെല്‍സിയുടെ എതിരാളികള്‍.  

പ്രീമിയര്‍ ലീഗിന് പുറമെ എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ മത്സരക്രമവും പുറത്തുവിട്ടിട്ടുണ്ട്. 27നും 28നുമാണ് എഫ് എ കപ്പ് മത്സരങ്ങള്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് തടയാനായി അഞ്ച് പകരക്കാരെ ഇറക്കാനുള്ള നിര്‍ദേശം പ്രീമിയര്‍ ലീഗിലും നടപ്പിലാകുന്നുണ്ട്.

click me!