നെയ്‌മറുടെ 10-ാം നമ്പറും മൂന്ന് വര്‍ഷ കരാറും ഓഫര്‍; മെസിക്കായി വീണ്ടും വലവിരിച്ച് പിഎസ്‌ജി

By Web TeamFirst Published Apr 29, 2021, 11:41 AM IST
Highlights

ഈ സീസണോടെ ബാഴ്‌സലോണയുമായി കരാർ അവസാനിക്കുന്ന മെസിക്ക് മൂന്ന് വർഷത്തെ കരാറും പത്താം നമ്പർ ജഴ്‌സിയുമാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. 

പാരിസ്: ബാഴ്‌സലോണ നായകൻ ലിയോണൽ മെസിയെ സ്വന്തമാക്കാൻ ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്‌ജി വീണ്ടും രംഗത്ത്. മൂന്ന് വർഷ കരാറാണ് മെസിക്ക് പിഎസ്‌ജി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീട സാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎസ്‌ജി വീണ്ടും ലിയോണൽ മെസിയെ സ്വന്തമാക്കാൻ രംഗത്തെത്തിയിരിക്കുന്നത്. ഈ സീസണോടെ ബാഴ്‌സലോണയുമായി കരാർ അവസാനിക്കുന്ന മെസിക്ക് മൂന്ന് വർഷത്തെ കരാറും പത്താം നമ്പർ ജഴ്‌സിയുമാണ് പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിൽ നെയ്‌മറാണ് പിഎസ്ജിയുടെ പത്താം നമ്പർ താരം. 

മെസിക്കായി പത്താം നമ്പർ വിട്ടുനൽകാമെന്ന് നെയ്‌മർ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നെയ്‌മറിനൊപ്പം വീണ്ടും കളിക്കണമെന്ന ആഗ്രഹവും മെസിയെ പിഎസ്‌ജിയിൽ ചേരാൻ പ്രേരിപ്പിക്കുമെന്ന് പിഎസ്‌ജി മാനേജ്‌മെന്‍റ് കരുതുന്നു. കിലിയൻ എംബാപ്പേ അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് മാറുമെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് പിഎസ്‌ജി മെസിക്കായുള്ള നീക്കങ്ങൾ ശക്തമാക്കിയത്. 

കഴിഞ്ഞ സീസണിന് ഒടുവിൽ താൻ ബാഴ്‌സ വിടുകയാണെന്ന് മെസി അറിയിച്ചിരുന്നു. എന്നാൽ ബാഴ്‌സലോണയുമായുള്ള കരാർ തർക്കം കാരണം ക്ലബ് മാറ്റം മുടങ്ങുകയായിരുന്നു. മാത്രമല്ല, മെസി ഇതുവരെ ബാഴ്‌സയുമായി കരാർ പുതുക്കിയിട്ടുമില്ല. ഇതേസമയം, പുതിയ പ്രസിഡന്റ് യുവാൻ ലോപ്പോർട്ട മെസിയെ ക്ലബിൽ നിലനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ ആരാധകർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!