
ന്യൂജഴ്സി: ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനലിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ റയൽ മാഡ്രിഡിന് നാണംകെട്ട തോൽവി. ഏകപക്ഷീയമായ നാല് ഗോളിനാണ് സ്പാനിഷ് വമ്പന്മാർ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളോട് തോറ്റത്. സ്പാനിഷ് താരം ഫാബിയൻ റൂയിസിന്റെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് തുണയായത്. ഉസ്മാനെ ഡെംബലെയും ഗോൺസാലോ റാമോസും ഓരോ ഗോൾ വീതം നേടി.
മത്സരം ഉണരും മുമ്പേ ആറാം മിനിറ്റിൽ റൂയിസിന്റെ കിടിലൻ ഗോളിൽ റയൽ വിറച്ചു. ഞെട്ടൽ മാറും മുമ്പേ ഒമ്പതാം മിനിറ്റിൽ ഡെംബലെയും സ്കോർ ചെയ്തു. 24-ാം മിനിറ്റിൽ റൂയിസ് വീണ്ടും വലകുലുക്കി. മത്സരം അവസാനിക്കാൻ ഒരുമിനിറ്റ് ശേഷിക്കെയാണ് റാമോസ് ഗോൾ നേടിയത്. മത്സരത്തിൽ സമ്പൂർണമായ ആധിപത്യം പുലർത്തിയാണ് ഫ്രഞ്ച് വമ്പന്മാർ ഫൈനലിലേക്ക് പ്രവേശിച്ചത്. മത്സരത്തിന്റെ 69 ശതമാനം സമയവും പിഎസ്ജിയായിരുന്നു പന്ത് കൈവശം വെച്ചത്.
വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് റയലിന് പോസ്റ്റിലേക്ക് തൊടുക്കാൻ സാധിച്ചത്. പ്രതിരോധ നിര അമ്പേ പരാജയപ്പെട്ടപ്പോൾ കിലിയൻ എംബാപെ നയിക്കുന്ന മുന്നേറ്റ നിരയും നിറംമങ്ങി. പിഎസ്ജിയിൽ നിന്നാണ് എംബാപെ റയലിൽ എത്തിയത്. സാബി അലൻസോയുടെ കീഴിൽ കന്നിക്കിരീടത്തിനിറങ്ങിയ റയലിന് തോൽവി ഞെട്ടിക്കുന്നതായിരുന്നു. യലിനായി ലൂക്ക മോഡ്രിച്ചിന്റെ അവസാന മത്സരമായിരിക്കാം നടന്നത്. എസി മിലാനുമായി മോഡ്രിച്ച് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ പിഎസ്ജിയും ചെൽസിയും ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!