
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി പുറത്ത്. എതിരില്ലാത്ത രണ്ട് ഗോൾ ജയവുമായി ജര്‍മൻ കരുത്തരായ ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിലെത്തി. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോൾ ജയമാണ് ബയേൺ സ്വന്തമാക്കിയത്. ടോട്ടനത്തെ തോൽപ്പിച്ച് എ സി മിലാനും ക്വാർട്ടറിലെത്തിയിട്ടുണ്ട്. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നമാണ് വീണ്ടും പാതിവഴിയിൽ പൊലിഞ്ഞത്. മെസിയും എംബാപ്പേയും ഉണ്ടായിരുന്നിട്ടും ബയേണിനെ മറികടക്കാൻ ഫ്രഞ്ച് ക്ലബ്ബിന് സാധിച്ചില്ല.
ആദ്യ പാദത്തിലെ ഒരു ഗോളിന്‍റെ കടവുമായാണ് പിഎസ്ജി രണ്ടാം പാദ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍, ബയേൺ മ്യൂണിക്കിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിൽ തൊട്ടതെല്ലാം മെസിക്കും സംഘത്തിനും പിഴച്ചു. 61-ാം മിനിറ്റിലാണ് ബയേണിന്‍റെ ആദ്യ ഗോൾ വന്നത്. ചുപ്പോ മോട്ടെംഗ് വല കുലുക്കിയതോടെ പിഎസ്ജിയുടെ കടം കൂടി. 89-ാം മിനിറ്റില്‍ സെര്‍ജി ഗ്നാര്‍ബി കൂടിഗോള്‍ കണ്ടെത്തിയതോടെ ഫ്രഞ്ച് സംഘത്തിന്‍റെ പതനം പൂര്‍ണമായി.
ഇരു പാദങ്ങളിലുമായി ബയേണിന് എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ വിജയമാണ് സ്വന്തമാക്കാനായത്. പാരീസിലെ തോൽവിക്ക് മ്യൂണിക്കിൽ മറുപടി നൽകുമെന്ന് പറഞ്ഞ എംബാപ്പേയുടെത് വെറും പാഴ്വാക്കായി മാറി. ആദ്യ പാദത്തിലെ ഒരു ഗോൾ ലീഡിന്‍റെ പിൻബലത്തിലാണ്
ടോട്ടനത്തെ വീഴ്ത്തി എ സി മിലാൻ ക്വാർട്ടറിൽ കടന്നത്. രണ്ടാം പാദ മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല. അതേസമയം, യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് വമ്പൻ ടീമുകൾ കളത്തിലിറങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് വമ്പൻ തോൽവിയേറ്റുവാങ്ങിയ നാണക്കേടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആൻഫീൽഡിൽ എതിരില്ലാത്ത ഏഴ് ഗോളിനാണ് ലിവർപൂൾ യുണൈറ്റഡിനെ മുക്കിയത്. ഓൾഡ്ട്രഫോഡില്‍ സ്പെയിനില്‍ നിന്ന് എത്തുന്ന റയൽ ബെറ്റിസിനെയാണ് മാഞ്ചസ്റ്റര്‍ നേരിടുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും യുണൈറ്റഡ് പ്രതീക്ഷിക്കുന്നില്ല. ആഴ്സനലിന് എവേ മത്സരത്തിൽ
സ്പോർട്ടിംഗ് ലിസ്ബണാണ് എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!