Asianet News MalayalamAsianet News Malayalam

'എന്തൊരു നാണക്കേട്'; റോണോ ആദ്യ ഇലവനില്‍ വരാത്തതില്‍ നീരസം പ്രകടിപ്പിച്ച് പങ്കാളി, സാന്‍റോസിന് വിമര്‍ശനം

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാൻ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ജോര്‍ജിന ഇന്‍സ്റ്റയില്‍ കുറിച്ചത്.

Cristiano Ronaldo girlfriend criticises Portugal boss for dropping him against Switzerland
Author
First Published Dec 7, 2022, 5:05 PM IST

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്‍റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. രാജ്യത്തിന്‍റെയാകെ അഭിമാനമായി മാറിയ എക്കാലത്തെയും അവരുടെ സൂപ്പര്‍ ഹീറോയെ പകരക്കാരനായി ഇറക്കിയ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ മിന്നുന്ന വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.

റോണോയ്ക്ക് പകരമെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് നേടി പരിശീലകന്‍റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. 2008ന് ശേഷം ഒരു സുപ്രധാന ടൂര്‍ണമെന്‍റില്‍ റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗല്‍ ഒരു മത്സരം തുടങ്ങുന്നത് പോലും ആദ്യമായിട്ടായിരുന്നു. 73-ാം മിനിറ്റിലാണ് പകരക്കാരനായി റോണോ കളത്തിലെത്തിയത്. എന്നാല്‍, കാര്യമായി ഒന്നും താരത്തിന് ചെയ്യാനും സാധിച്ചില്ല. എന്നാല്‍, മത്സരശേഷം പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാൻ കഴിയാതിരുന്നത് എന്തൊരു നാണക്കേടാണ് എന്നാണ് ജോര്‍ജിന ഇന്‍സ്റ്റയില്‍ കുറിച്ചത്. ആരാധകർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് മുഴക്കുന്നത് ഒരുസമയവും നിര്‍ത്തിയില്ല. ദൈവവും നിങ്ങളുടെ പ്രിയ സുഹൃത്ത് ഫെർണാണ്ടോയും കൈകോർത്ത് ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോര്‍ജിന പറഞ്ഞു.

അതേസമയം, പോർച്ചുഗൽ ദേശീയ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ക്വാർട്ടറിൽൽ മൊറോക്കോയെ നേരിടാൻ ഇറങ്ങുന്ന ടീമിലും ആദ്യ പതിനൊന്നിൽ റൊണാള്‍ഡോ ഉണ്ടായേക്കില്ലെന്നാണ് കോച്ച് ഫെർണാണ്ടോസ് സാന്റോസ് നൽകുന്ന സൂചന. ദക്ഷിണ കൊറിയ പോർച്ചുഗൽ മത്സരത്തിന്‍റെ അറുപതാം മിനിട്ടിൽ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കം. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കോച്ച് സാന്റോസ് മൈതാനത്ത് നിന്ന് തിരികെ വിളിച്ചു.

അതൃപ്തിയോടെ തിരികെ പോയ താരം കോച്ച് സാന്റോസിനോട് തിരികെ വിളിച്ചതിൽ നീരസം പ്രകടിപ്പിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം ശരിയായില്ലെന്ന തരത്തിൽ സാന്റോസ് നടത്തിയ പ്രതികരണവും ഇതിനിടെ പുറത്തു വന്നു. ഇതിന് പിന്നാലെയാണ് സ്വിറ്റ്സർലാൻഡിനെതിരായ മത്സരത്തിൽ റോണോയ്ക്ക് ആദ്യ പതിനൊന്നിൽ ഇടം കിട്ടാതിരുന്നത്. 

'വെറും 30 മിനിറ്റ്, അദ്ദേഹം വന്ന് രക്ഷിച്ചു; ഖത്തർ പൊലീസിനെ വാഴ്ത്തി മഴവില്‍ പതാകയുമായി പ്രതിഷേധിച്ച യുവാവ്

Follow Us:
Download App:
  • android
  • ios