
പാരീസ്: ലോകകപ്പിന് ശേഷം ആദ്യത്തെ ക്ലബ്ബ് പോരാട്ടത്തിന് ഇറങ്ങിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് വൻ തിരിച്ചടി. സ്ട്രോസ്ബെർഗിനെതിരെ ടീം അവസാന നിമിഷം ജയിച്ച് കയറിയെങ്കിലും താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചു. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് നെയ്മർ രണ്ട് മഞ്ഞ കാർഡുകൾ വാങ്ങിക്കൂട്ടിയത്. രണ്ടാമത്തെ മഞ്ഞക്കാർഡ് താരം ബോക്സിനുള്ളിൽ ഡൈവിംഗ് നടത്തിയതിനായിരുന്നു.
അതേസമയം, പ്രകടനത്തിൽ നിരാശയുണ്ടെങ്കിലും ഫ്രഞ്ച് ലീഗിൽ ജൈത്രയാത്ര തുടരുകയാണ് പിഎസ്ജി. ഒന്നിനെതിരെ രണ്ട് ഗോളിന് സ്ട്രോസ്ബെർഗിനെ തോൽപ്പിച്ചാണ് ടീം കരുത്ത് കാട്ടിയത്. മാർക്വീഞ്ഞോസും കിലിയൻ എംബപ്പെയുമാണ് ഗോളുകൾ നേടിയത്. 14-ാം മിനിറ്റിൽ തന്നെ ബ്രസീലിയൻ കോംബിനേഷനിലൂടെ പിഎസ്ജി മുന്നിലെത്തി. നെയ്മറിന്റെ ഫ്രീക്കിക്കിൽ തലവെച്ച മാർക്വീഞ്ഞോസ് വലകുലുക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ സ്ട്രോസ്ബെർഗ് കളിയിലേക്ക് തിരിച്ച് വന്നു. തോമാസ്സണിന്റെ ഒരു ക്രോസ് തടുക്കാനുള്ള മാർക്വീഞ്ഞോസിന്റെ ശ്രമം ഓൺഗോളിലാണ് 51-ാം മിനിറ്റിൽ കലാശിച്ചത്. പിന്നെ വിജയ ഗോളിനുള്ള ശ്രമം പിഎസ്ജി തുടങ്ങി. ഇതിനിടെ നെയ്മറിന് ചുവപ്പ് കാർഡ് കണ്ടത് ടീമിന് വലിയ ക്ഷീണമായി. ഒടുവിൽ കളി സമനിലയിലേക്ക് എന്ന് തോന്നിച്ചപ്പോൾ എക്സ്ട്രാ ടൈമിൽ പിഎസ്ജിക്ക് പെനാൽറ്റി ലഭിക്കുകയായിരുന്നു.
ഇത് എംബാപ്പെ ലക്ഷ്യത്തിൽ എത്തിച്ചതോടെയാണ് ഫ്രഞ്ച് കരുത്തർക്ക് ശ്വാസം കിട്ടിയത്. ലോകകപ്പിന് ശേഷം നെയ്മറിനെ ഒഴിവാക്കണമെന്ന് എംബാപ്പെ ക്ലബ്ബിനോട് ആവശ്യം ഉന്നയിച്ചുവെന്നുള്ള റിപ്പോർട്ടുകൾ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് നടന്ന മത്സരം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഒരു അസിസ്റ്റ് ഉൾപ്പെടെ ഭേദപ്പെട്ട പ്രകടനം തന്നെയാണ് നെയ്മർ നടത്തിയത്.
ഫ്രഞ്ച് താരത്തിന്റെ ഒന്നാമത്തെ ആവശ്യം ബ്രസീൽ സൂപ്പർ താരം നെയ്മറെ പിഎസ്ജി വിൽക്കണമെന്നുള്ളതാണ്. നിലവിലെ പരിശീലകൻ ക്രിസ്റ്റഫെ ഗാട്ട്ലിയറിന് പകരം ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാനെ കൊണ്ട് വരണമെന്നാണ് എംബാപ്പെയുടെ ആഗ്രഹം. റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് വട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടത്തിലേക്ക് നയിച്ച സിദാന് ആ മാജിക്ക് പിഎസ്ജിയിലും കാഴ്ചവയ്ക്കാനാകുമെന്ന് എംബാപ്പെ കരുതുന്നു. മൂന്നാമത്തെ ആവശ്യം ടോട്ടനത്തിന്റെ എല്ലാമെല്ലാമായ ഹാരി കെയ്നെ ടീമിലെത്തിക്കണം എന്നുള്ളതാണ്. ട്രാൻസ്ഫർ വിൻഡോ തുറക്കുന്നതോടെ ഇതിൽ ഏതെങ്കിലും കാര്യങ്ങൾ സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ.
'അരോചകം'; കിലിയൻ എംബാപ്പെയുടെ അഭിമുഖങ്ങളിലെ ശബ്ദം അലോസരപ്പെടുത്തുന്നുവെന്ന് സഹതാരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!