യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാര്‍ പിഎസ്ജിയോ ബയേണോ..? വൈകാതെ അറിയാം

By Web TeamFirst Published Aug 23, 2020, 1:47 PM IST
Highlights

ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാണ് പിഎസ്ജിയുടെ ലക്ഷ്യം. ബയേണ്‍ ഇതിനോടകം അഞ്ച് കിരീടങ്ങള്‍ നേടിക്കഴിഞ്ഞു.

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ന് പിഎസ്ജിയും ബയേണ്‍ മ്യൂനിച്ചും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഫൈനല്‍. ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാണ് പിഎസ്ജിയുടെ ലക്ഷ്യം. ബയേണ്‍ ഇതിനോടകം അഞ്ച് കിരീടങ്ങള്‍ നേടിക്കഴിഞ്ഞു. ഇതുവരെ എട്ട് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോല്‍ അഞ്ചിലും ജയം പിഎസ്ജിക്കായിരുന്നു. മൂന്നെണ്ണത്തില്‍ ബയേണ്‍ ജയിച്ചു.

മറ്റൊരു ജര്‍മന്‍ ക്ലബായ ലിഗ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് പിഎസ്ജി ഫൈനലിലെത്തിയത്. എയ്ഞ്ചല്‍ ഡി മരിയ, കെയ്‌ലിന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരുടെ ഫോണാണ് പിഎസ്ജിയുടെ ആത്മവിശ്വാസം. നോക്കൗട്ടില്‍ ബൊറൂസിയ ഡോര്‍ട്ടമുണ്ട്, അറ്റ്‌ലാന്‍ഡ ക്ലബുകളേയും പിഎസ്ജി തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്നാണ് പിഎസ്ജി വരുന്നത്.

ബയേണ്‍ ഫ്രഞ്ച് ക്ലബ് ലിയോണിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. ക്വാര്‍ട്ടറില്‍ ബാഴ്‌സലോണയെ 8-2ന് തകര്‍ത്ത ബയേണ്‍ പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയേയും പഞ്ഞിക്കിട്ടു. ഗ്രൂപ്പ് ഘട്ടത്തിലും തോല്‍വി അറിഞ്ഞിട്ടില്ല. യുവതാരങ്ങളാണ് ബയേണിന്റെ കരുത്ത്. സെര്‍ജ് ഗ്നാബ്രി, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍, തിയോഗോ, അല്‍ഫോണ്‍സോ ഡേവിസ്, ജോഷ്വാ കിമ്മിച്ച് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം. ജര്‍മന്‍ ടീമിനെ മറികടക്കണമെങ്കില്‍ പിഎസ്ജി പതിനെട്ടടവും പയറ്റേണ്ടിവരും.

പ്രവചനങ്ങള്‍ ബയേണിന് അനുകൂലമാണ്. എന്നാല്‍ അതിനപ്പുറത്തൊരു മറിമായം സംഭവിക്കുമെന്നാണ് പിഎസ്ജി ആരാധകര്‍ കരുതുന്നത്.

click me!