ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ പിഎസ്ജി ഇന്ന് ഇന്റര്‍ മിലാനെതിരെ; ആദ്യ കിരീടം തേടി ഫ്രഞ്ച് വമ്പന്മാര്‍

Published : May 31, 2025, 07:58 AM IST
ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ പിഎസ്ജി ഇന്ന് ഇന്റര്‍ മിലാനെതിരെ; ആദ്യ കിരീടം തേടി ഫ്രഞ്ച് വമ്പന്മാര്‍

Synopsis

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ നാലാം കിരീടം ലക്ഷ്യമിടുമ്പോള്‍ ചാംപ്യന്‍സ് ലീഗിലെ ആദ്യ കിരീടം നുകരാന്‍ പിഎസ്ജി.

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളെ ഇന്നറിയാം. ഇന്റര്‍ മിലാന്‍ കിരീടപ്പോരാട്ടത്തില്‍ പി എസ് ജിയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അറീനയിലാണ് ഫൈനല്‍. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ വമ്പന്‍മാരെയെല്ലാം അരിഞ്ഞ് വീഴ്ത്തിയാണ് ഇരു ടീമുകളുടേയും മുന്നേറ്റം. ഒറ്റജയമകലെ കാത്തിരിക്കുന്നത് യൂറോപ്പിലെ മോഹക്കപ്പ്. 

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ നാലാം കിരീടം ലക്ഷ്യമിടുമ്പോള്‍ ചാംപ്യന്‍സ് ലീഗിലെ ആദ്യ കിരീടം നുകരാന്‍ പിഎസ്ജി. ടീമുകളുടെ എണ്ണം കൂട്ടി പുതിയ ഫോര്‍മാറ്റിലായിരുന്നു ഇത്തവണത്തെ പോരാട്ടം. ലീഗ് ഘട്ടത്തില്‍ ഇന്റര്‍ മിലാന്‍ എട്ടും പി എസ് ജി പതിനഞ്ചും സ്ഥാനത്ത്. നോക്കൗട്ട് റൗണ്ടില്‍ പ്രീമിയര്‍ ലീഗ്ക്ലബുകളായ ലിവര്‍പൂള്‍, ആസ്റ്റന്‍ വില്ല, ആഴ്‌സണല്‍ എന്നിവരെ മറികടന്നാണ് പിഎസ്ജി കലാശപ്പോരിന് ഇറങ്ങുന്നത്. 

ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിന്റേയും ബാഴ്‌സലോണയുടെയും വെല്ലുവിളികള്‍ മറികടന്നു. പി എസ് ജിയെ തോല്‍ക്കാന്‍ മടിയുള്ള സംഘമാക്കി മാറ്റിയ കോച്ച് ലൂയിസ് എന്റ്വിക്കെയുടെ തന്ത്രങ്ങളെയാവും ഇന്റര്‍ മിലാന്‍ കൂടുതല്‍ ഭയക്കുക. 4-3-3 ഫോര്‍മേഷനില്‍ തുടങ്ങി പ്രതിരോധിക്കുമ്പോള്‍ 4-5-1 ലേക്കും ആക്രമിക്കുന്‌പോള്‍ 2-2-4-2ലേക്കും പടരുന്നതാണ് എന്റ്വിക്കെയുടെ ഗെയിംപ്ലാന്‍. ഒസ്മാന്‍ ഡെംബലേയെ മുന്നില്‍ നിര്‍ത്തി പടനയിക്കുന്ന എന്റ്വിക്കെയുടെ പിഎസ്ജി സെമിവരെ നേടിയത് 33 ഗോള്‍, വഴങ്ങിയത് പതിനഞ്ച് ഗോളും. 

ലൗറ്ററോ മാര്‍ട്ടിനസ്, മാര്‍ക്കസ് തുറാം ജോഡിയുടെ കാലുകളിലേക്ക് ഉറ്റുനോക്കുന്ന ഇന്റര്‍ മിലാന് തന്ത്രമോതുന്നത് സിമോന്‍ ഇന്‍സാഗി. ആകെ ഇരുപത്തിയാറ് ഗോള്‍ നേടിയപ്പോള്‍ തിരിച്ച് വാങ്ങിയത് 11 ഗോള്‍ മാത്രം. 3-5-2 ഫോര്‍മേഷനില്‍ കോട്ടകെട്ടുന്ന ഇന്റര്‍ മിലാന്‍ പ്രതിരോധം പിളര്‍ക്കുക ആവും പിഎസ്ജിയുടെ പ്രധാന വെല്ലുവിളി. 

ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന ഏഴാമത്തെ പോരാട്ടം. ഇന്റര്‍ മൂന്ന് കളിയില്‍ ജയിച്ചപ്പോള്‍ പി എസ് ജിക്ക് ജയിക്കാനായത് ഒരിക്കല്‍ മാത്രം. രണ്ട് മത്സരം സമനിലയില്‍.

PREV
Read more Articles on
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ