രക്ഷകനായി വീണ്ടും റാമോസ്; കിരീടത്തോട് അടുത്ത് റയല്‍

By Web TeamFirst Published Jul 5, 2020, 9:01 PM IST
Highlights

നിലവില്‍ 34 കളികളില്‍ 77 പോയന്റാണ് റയലിനുള്ളത്. ബാഴ്സക്ക് 33 കളികളില്‍ 70 പോയന്റുണ്ട്. 34 കളികളില്‍ 62 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

മാഡ്രിഡ്: ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വീണ്ടും റയലിന്റെ രക്ഷകനായപ്പോള്‍ സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്കെതിരെ ഒരു ഗോള്‍ ജയവുമായി കീരിടത്തോട് ഒരുപടി കൂടി അടുത്ത് റയല്‍ മാഡ്രിഡ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 73-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യം തെറ്റാതെ ഗോള്‍വലയിലെത്തിച്ചാണ് റാമോസ് റയലിന് ജയം സമ്മാനിച്ചത്.

ചെറിയ പരിക്കുള്ളതിനാല്‍ ഏഡന്‍ ഹസാര്‍ഡും റാഫേല്‍ വരാനുമില്ലാതെയാണ് റയലിന്ന് ബില്‍ബാവോയ്ക്കെതിരെ ഇറങ്ങിയത്.കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ലീഗ് പുനരാരംഭിച്ചശേഷം റയല്‍ നേടുന്ന തുടര്‍ച്ചയായ ഏഴാം ജയമാണിത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് മേല്‍ റയലിന് ഏഴ് പോയന്റിന്റെ ലീഡായി.  

ഇന്ന് അഞ്ചാം സ്ഥാനത്തുള്ള വിയ്യാറയലിനെ ബാഴ്സ കീഴടക്കിയാലും റയലിന് ഒന്നാം സ്ഥാനത്ത് നാലു പോയന്റ് ലീഡ് ഉറപ്പിക്കാം. നിലവില്‍ 34 കളികളില്‍ 77 പോയന്റാണ് റയലിനുള്ളത്. ബാഴ്സക്ക് 33 കളികളില്‍ 70 പോയന്റുണ്ട്. 34 കളികളില്‍ 62 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

സ്പാനിഷ് ലീഗ് സീസണ്‍ പുനരാരംഭിച്ചശേഷം എല്ലാ മത്സരങ്ങളിലും ജയിക്കുന്ന ഒരേയൊരു ടീമും റയലാണ്. ലീഗ് സീസണ്‍ പുനരാരംഭിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സയായിരുന്നു തലപ്പത്ത്. എന്നാല്‍ അവസാനം കളിച്ച ആറു കളികളില്‍ മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയതാണ് ബാഴ്സക്ക് തിരിച്ചടിയായത്.

സീസണ്‍ പുനരാരംഭിച്ചശേഷമുള്ള ആറ് കളികളില്‍ അഞ്ചും ജയിച്ച വിയ്യാ റയല്‍ മികച്ച ഫോമിലാണെന്നതും ബാഴ്സക്ക് തലവേദനയാണ്. ലീഗില്‍ ഇനി നാലു മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കഴിഞ്ഞ മൂന്ന് സീസണിലെ ആദ്യ കിരീടം റയലിന് സ്വന്തമാവും.

click me!