
പാരീസ്: സൂപ്പര്‍താരം സാദിയോ മാനേ(Sadio Mane) ലിവര്‍പൂള്‍(Liverpool FC) വിട്ടു. ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്കാണ് മാനെ കൂടുമാറുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുകയെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 2016ലാണ് സെനഗല്‍ സൂപ്പര്‍ താരമായ മാനെ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്.
ഒരു വര്‍ഷത്തെ കരാര്‍ കൂടി ലവര്‍പൂളുമായി ബാക്കിയുണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കുകയായിരുന്നു. മുഹമ്മദ് സലായ്ക്കും(Mohamed Salah) റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം(Roberto Firmino) ലിവര്‍പൂളിന്‍റെ 2019 മുതലുള്ള കിരീടനേട്ടങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ് സാദിയോ മാനേ.
നേരത്തെ, ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം തന്‍റെ ഭാവി കാര്യത്തിൽ ആരാധകർ കേൾക്കാൻ ആഗ്രഹിക്കുന്ന ഉത്തരം നൽകുമെന്ന് മാനെ പറഞ്ഞിരുന്നു. ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മത്സരങ്ങളില്‍ 120 ഗോളുകള്‍ നേടിയ മാന 48 അസിസ്റ്റുകളും നല്‍കി. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് എഫ്.എകപ്പ്, ഇ.എഫ്.എല്‍ കപ്പ്, യുവേഫാ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ മാനെ പങ്കാളിയായി.
പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി പോകുന്ന ഒഴിവിലേക്കാണ് ബയേണ്‍ മാനെയെ കൊണ്ടുവന്നത്. ലെവന്‍ഡോവ്സ്കി ബാഴ്സലോണയിലേക്ക് പോകുമെന്നാണ് സൂചനകള്‍. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ സെനഗലിനെ ജേതാക്കളാക്കിയ മാനെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുകയും ചെയ്‌തിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ മെറ്റ്സിനുവേണ്ടി കളിച്ചുകൊണ്ട് കരിയർ തുടങ്ങിയ മാനെ പിന്നീട് ആദ്യ സീസണിനുശേഷം റെഡ് ബുൾ സാൽസ്ബർഗിൽ ചേർന്നു. 2013-14 ഓസ്ട്രിയൻ ബുണ്ടസ്‌ലീഗയും ഓസ്ട്രിയൻ കപ്പും വിജയിച്ചശേഷം സതാംപ്ടണിൽ ചേർന്നു. 2014-15 സീസണിൽ, ആസ്റ്റൺ വില്ലയ്ക്കെതിരെ നടന്ന മത്സരത്തിൽ 176 സെക്കൻഡിൽ മൂന്ന് ഗോളുകൾ നേടി പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ ഹാട്രിക്കിന് ഉടമയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!