
കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ക്യാംപ് അടുത്ത മാസം അവസാനം തുടങ്ങും. അതേസമയം ഫൈനൽ റൗണ്ട് വേദിയായി കേരളത്തെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ(AIFF) സമീപിക്കാൻ കേരള ഫുട്ബോള്‍ അസോസിയേഷന്‍(KFA) തീരുമാനിച്ചു
രണ്ട് കളിയിൽ 11 ഗോളടിച്ച്, ഒന്നും പോലും വഴങ്ങാതെയുള്ള യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനം ഫൈനൽ റൗണ്ടിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ക്യാംപ്. യോഗ്യതാ റൗണ്ടിലെ ഗോൾവേട്ട സന്തോഷ് ട്രോഫി കിരീടം വീണ്ടെടുക്കുന്നതിന് കേരളത്തിന് ഊർജ്ജം നൽകുമെന്ന് കോച്ച് ബിനോ ജോർജ്ജ് വ്യക്തമാക്കി. കിരീടം നേടാനുള്ള കരുത്ത് ഇപ്പോഴത്തെ ടീമിനുണ്ടെന്ന് ക്യാപ്റ്റൻ വി മിഥുനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഖേലോ ഇന്ത്യ ഗെയിംസിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ വേദിയായതിനാലും ഐലീഗിലെ ഐസോൾ എഫ്‌സിയുടെ ഹോം മത്സരങ്ങൾ ഉള്ളതിനാലും സന്തോഷ് ട്രോഫി ഫൈനല്‍ റൌണ്ട് മിസോറമിന് പുറത്തേക്ക് മാറ്റാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനുള്ള സന്നദ്ധത അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ കെഎഫ്എ അറിയിക്കും.
ഫൈനൽ റൗണ്ട് മത്സരങ്ങൾ നീട്ടിവച്ചതോടെ സന്നാഹക്യാംപ് ഡിസംബർ പകുതിക്ക് ശേഷം തുടങ്ങിയാൽ മതിയെന്നാണ് കണക്കുകൂട്ടൽ. ജനുവരി അവസാനം മിസോറമിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ ചാംപ്യന്മാരായ സർവ്വീസസ്, ദില്ലി, മേഖാലയ, ഝാർഖണ്ഡ് ടീമുകളാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!