സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടുറപ്പിക്കാന്‍ കേരളം; എതിരാളി തമിഴ്‌നാട്

By Web TeamFirst Published Nov 9, 2019, 8:50 AM IST
Highlights

ഫൈനല്‍ റൗണ്ട് പ്രതീക്ഷയില്‍ കേരളം നാളെ തമിഴ്‌നാടിനെ നേരിടും. സമനില വഴങ്ങിയാലും ഫൈനല്‍ റൗണ്ടുറപ്പിക്കാം.
 

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൗണ്ട് ലക്ഷ്യമിട്ട് കേരളം ഇന്ന് തമിഴ്‌നാടിനെ നേരിടും. സമനിലയായാലും കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താം.

ആന്ധ്രയോട് നേടിയ ആധികാരിക വിജയത്തിന്‍റെ തിളക്കത്തിലാണ് കേരള ടീം. എതിരില്ലാത്ത അഞ്ച് ഗോളിന് നേടിയ ഈ ജയം കേരളത്തിന്‍റെ ആത്മവിശ്വാസവും കൂട്ടിയിട്ടുണ്ട്. ആന്ധ്രക്കെതിരെ പതുക്കെ തുടങ്ങി പിന്നീട് കളിയുടെ എല്ലാ മേഖലയും കീഴടക്കുന്ന പാടവം തമിഴ്‌നാടിനെതിരെയും കേരളം പയറ്റും. ആക്രമണ ഫുട്ബോളെന്ന ശൈലിയില്‍ നിന്ന് പിറകോട്ട് പോവുകയുമില്ല.

ആന്ധ്രക്കെതിരെ 4-1ന് ജയിക്കാനായെങ്കിലും ഒരു ഗോള്‍ വഴങ്ങിയ ആശങ്കയിലാണ് തമിഴ്‌നാട്. ടീമില്‍ യുവതാരങ്ങളാണ് ഏറെയും. നേരത്തെ സന്തോഷ് ട്രോഫി കളിച്ചവര്‍ മൂന്ന് പേര്‍ മാത്രം. മൂന്ന് പേര്‍ ചെന്നൈ സിറ്റിയുടെ താരങ്ങളാണ്. കേരളത്തെ തളക്കാന്‍ കൊണ്ടോട്ടി സ്വദേശി അല്‍ സഫ്വാനും തമിഴ്‌നാട് നിരയിലുണ്ട്. കേരളം കരുത്തരെന്ന വിലയിരുത്തലാണ് ടീമിനുള്ളത്.

തമിഴ്‌നാട് ആന്ധ്രക്കെതിരെ നാല് ഗോളടിച്ചെങ്കിലും ഒന്ന് വഴങ്ങി. കേരളം ഇതുവരെ ഒരു ഗോളും വഴങ്ങിയിട്ടില്ല. അഞ്ച് ഗോള്‍ നേടുകയും ചെയ്തു. അതിനാല്‍ സമനില വഴങ്ങിയാലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താം.

click me!