
ദോഹ: ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് അര്‍ജന്‍റീന അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യ, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിക്കുകയായിരുന്നു. എന്നാല്‍, ആ തോല്‍വി വിജയത്തിലേക്കുള്ള ആദ്യ പടവാക്കി മാറ്റിയ അര്‍ജന്‍റീന മിന്നുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി നില്‍ക്കുകയാണ്.
സൗദി വിജയം നേടിയതോടെ അര്‍ജന്‍റീനയെ കളിയാക്കിയുള്ള ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അതില്‍ ഏറ്റവും അധികം പ്രചരിക്കപ്പെട്ടതായിരുന്നു ഒരു സൗദി ആരാധകന്‍ മെസി എവിടെ എന്ന് ചോദിച്ച് അന്വേഷിച്ച് നടക്കുന്നത്. ഒരാള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സൗദി ആരാധകന്‍ കടന്നു വരുന്നതും മെസി എവിടെ മെസി എവിടെ എന്ന് ചോദിച്ച് അന്വേഷിക്കുന്നതുമായിരുന്നു വീഡിയോയില്‍.
എന്നാല്‍, ഇതേ ആരാധകന്‍ ഇപ്പോള്‍ അര്‍ജന്‍റീന ആരാധകനായി മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അർജന്‍റീനയുടെ ജേഴ്‌സി ധരിച്ച് മെസി പിന്തുണയ്‌ക്കുന്ന ഇതേ സൗദി ആരാധകന്‍റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ മിന്നുന്ന ഫോമിലാണ് അര്‍ജന്‍റൈന്‍ നായകന്‍ ലിയോണല്‍ മെസി. ഗോള്‍ അടിച്ചും അടിപ്പിച്ചും അര്‍ജന്‍റീനയുടെ ഫൈനല്‍ വരെയുള്ള കുതിപ്പില്‍ താരം നിര്‍ണായക പങ്കുവഹിച്ചു.
അഞ്ച് ഗോളുകള്‍ ഇതിനകം മെസി നേടിക്കഴിഞ്ഞു. ഒപ്പം മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാനുള്ള അവസരവും മെസി ഒരുക്കി നല്‍കി. ഖത്തര്‍ ലോകകപ്പില്‍ ഓരോ മത്സരത്തിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടാണ് താരം കുതിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലാണ് പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!