സൗദിയില്‍ നിന്ന് 1600 കിലോ മീറ്റര്‍ മരുഭൂമിയിലൂടെ നടന്ന് ലോകകപ്പിനെത്തുന്ന ഒരു ആരാധകന്‍

By Gopala krishnanFirst Published Oct 6, 2022, 8:49 PM IST
Highlights

കാനഡയിലും ഓസ്ട്രേലിയയിലുമായി ജീവിക്കുന്ന അല്‍സുല്‍മി ട്രെക്കിംഗില്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഈ അനുഭവെ വെച്ചാണ് മരുഭൂമിയിലൂടെ പൊള്ളുന്ന വെയിലില്‍ 1600 കിലോ മീറ്റര്‍ നടന്ന് അല്‍സുല്‍മി ലോകകപ്പിനെത്തുന്നത്.

ജിദ്ദ: അടുത്തമാസം ഖത്തറില്‍ തുടങ്ങുന്ന ഫുട്ബോള്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തവരും ടിക്കറ്റ് കിട്ടിയവരുമായി നിരവധി പേരുണ്ടാവും. എന്നാല്‍ ഖത്തറിന്‍റെ അയല്‍രാജ്യമായ സൗദി അറേബ്യയില്‍ നിന്നൊരാള്‍ ലോകകപ്പിനെത്തുന്നത് കാല്‍നടയായാണ്. 33 കാരാനായ അബ്ദുള്ള അല്‍സുല്‍മിയാണ് ജിദ്ദയില്‍ നിന്ന് 1600 കിലോ മീറ്റര്‍ നടന്ന് ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നത്.

രണ്ട് മാസം കൊണ്ടാണ് ലോകകപ്പ് കാണാനായി അല്‍സുല്‍മി കാല്‍നടയായി ജിദ്ദയില്‍ നിന്ന് ഖത്തറിലെ ദോഹയിലെത്തുകയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തന്‍റെ കാല്‍നടയാത്ര സ്നാപ്‌ചാറ്റിലെ ആയിരക്കണക്കിന് ഫോളോവേഴ്സിനായി അല്‍സുല്‍മി വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യുന്നുമുണ്ട്. സൗദിയുടെയും ഖത്തറിന്‍റെയും പതാകകള്‍ തുന്നിച്ചേര്‍ത്തൊരു ഒരു ബാക്ക് പാക്കും തലയിലൊരു വട്ടത്തൊപ്പിയും ധരിച്ചുള്ള അല്‍സുല്‍മിയുടെ യാത്ര കഴിഞ്ഞ ആഴ്ച 340കിലോ മീറ്റര്‍ പിന്നിട്ടു കഴിഞ്ഞു.

ലോകകപ്പ് ഫുട്ബോള്‍, ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിംഗ് വൂട്ടില്‍ നിന്ന് മാറ്റി വയാകോം

കാനഡയിലും ഓസ്ട്രേലിയയിലുമായി ജീവിക്കുന്ന അല്‍സുല്‍മി ട്രെക്കിംഗില്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഈ അനുഭവെ വെച്ചാണ് മരുഭൂമിയിലൂടെ പൊള്ളുന്ന വെയിലില്‍ 1600 കിലോ മീറ്റര്‍ നടന്ന് അല്‍സുല്‍മി ലോകകപ്പിനെത്തുന്നത്. രാവിലെ സൂര്യനുദിക്കുന്നതിന് മുമ്പെ എഴുന്നേല്‍ക്കുന്ന അല്‍സുല്‍മി 10-10.30വരെ മരുഭൂമിയിലൂടെ നടക്കും. സൂര്യന്‍ തലക്ക് മുകളില്‍ എത്തുന്നതോടെ ഏതാനും മണിക്കൂറുകള്‍ വിശ്രമിക്കും. പിന്നീട് ഉച്ച കഴിഞ്ഞാണ് നടത്തം. സൂര്യനസ്തമിക്കുന്നവരെ നടത്തം തുടരും.

ഒരു ദിവസം 35 കിലോ മീറ്റര്‍ എന്ന ലക്ഷ്യം പിന്നിടാനായി ചിലപ്പോഴൊക്കെ രാത്രിയിലും അല്‍സുല്‍മി നടക്കും. പോകുന്ന വഴിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നാണ് ഭക്ഷണം. സമീപത്തുള്ള പള്ളികളിലാണ് കുളിയും മറ്റ് പ്രാഥമികകൃത്യങ്ങളുമെല്ലാം നിര്‍വഹിക്കുന്നത്. രാത്രികളില്‍ മരുഭൂമിയില്‍ ടെന്‍റ് കെട്ടിയാണ് കിടത്തം.

ജിദ്ദയില്‍ നിന്ന് ദോഹയിലേക്കുള്ള നടത്തത്തില്‍ ഓരോ 100 കിലോ മീറ്ററും ഓരോ അനുഭവമാണെന്ന് അല്‍സുല്‍മി പറയുന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തപോലെ എല്ലാം നടന്നാല്‍ നവംബര്‍ 22ന് അല്‍സുല്‍മി ദോഹയിലെത്തും. 22നാണ് സൗദിയും അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടം. അര്‍ജന്‍റീനയുടെ കടുത്ത ആരാധകന്‍ കൂടിയാണ് അല്‍സുല്‍മി.

click me!