ഒരു കളിയില്‍ പുറത്തിരിക്കാന്‍ മഞ്ഞക്കാര്‍ഡ് വാങ്ങി; റാമോസിന് രണ്ട് മത്സരങ്ങളില്‍ വിലക്ക്

By Web TeamFirst Published Mar 1, 2019, 12:01 PM IST
Highlights

അയാക്സിനെതിരായ മത്സരശേഷം നല്‍കിയ അഭിമുഖത്തിലാണ് മഞ്ഞക്കാര്‍ഡ് കിട്ടാനായി താന്‍ മന:പൂര്‍വം ഫൗള്‍ ചെയ്തതാണെന്ന് റാമോസ് പറഞ്ഞത്.


മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെതിരായ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ അവസാന നിമിഷം മന:പൂര്‍വം മഞ്ഞക്കാര്‍ഡ് വാങ്ങിയ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് യുവേഫ വിലക്കി. മത്സരത്തിന്റെ അവസാന നിമിഷം അയാക്സ് താരം കാസ്പര്‍ ഡോല്‍ബെര്‍ഗിനെ അനാവശ്യമായി ഫൗള്‍ ചെയ്താണ് റാമോസ് കാര്‍ഡ് വാങ്ങിയത്.

അയാക്സിനെതിരായ മത്സരശേഷം നല്‍കിയ അഭിമുഖത്തിലാണ് മഞ്ഞക്കാര്‍ഡ് കിട്ടാനായി താന്‍ മന:പൂര്‍വം ഫൗള്‍ ചെയ്തതാണെന്ന് റാമോസ് പറഞ്ഞത്. അയാക്സിനെതിരായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ പുറത്തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഫൗളിന് മുമ്പ് സൈഡ് ബെഞ്ചിലേക്ക് നോക്കി റാമോസ് അനുവാദം ചോദിക്കുന്നത് ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്തമായിരുന്നു.

പിന്നീട് നല്‍കിയ അഭിമുഖത്തിലും റാമോസ് ഇക്കാര്യം ആവര്‍ത്തിച്ചു. ഇതോടെയാണ് യുവേഫ നടപടിയെടുത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചതോടെ പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിന് പുറമെ ക്വാര്‍ട്ടറിലെത്തുകയാണെങ്കില്‍ ആദ്യപാദത്തിലെ നിര്‍ണായക മത്സരവും റാമോസിന് നഷ്ടമാവും.

അടുത്ത ചൊവ്വാഴ്ചയാണ് അയാക്സിനെതിരായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍. ആദ്യ പാദത്തില്‍ 2-1നാണ് റയല്‍ ജയിച്ചുകയറിയത്. സംഭവം വിവാദമായതോടെ ഫൗള്‍ ചെയ്തത് മനപൂര്‍വമായിരുന്നെങ്കിലും കാര്‍ഡ് ലഭിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ലെന്ന് റാമോസ് നിലപാട് മാറ്റിയിരുന്നു.

click me!