യുഗാന്ത്യം! റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ഇനി റാമോസില്ല

By Web TeamFirst Published Jun 17, 2021, 2:01 AM IST
Highlights

നീണ്ട 16 വര്‍ഷത്തെ റയലുമായുള്ള ബന്ധത്തിനാണ് റാമോസ് വിരാമമിടുന്നത്. 2005ലാണ് സെവിയ്യയില്‍ നിന്നെത്തിയ റാമോസ് റയലുമായി കരാര്‍ ഒപ്പുവെക്കുന്നത്.
 

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ സെര്‍ജിയോ റാമോസ് ക്ലബ് വിട്ടു. ടീം ക്യാപ്റ്റന്‍ കൂടിയായ 35-കാരന്‍ കരാര്‍‌ അവസാനിപ്പിക്കുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. നീണ്ട 16 വര്‍ഷത്തെ റയലുമായുള്ള ബന്ധത്തിനാണ് റാമോസ് വിരാമമിടുന്നത്. 2005ലാണ് സെവിയ്യയില്‍ നിന്നെത്തിയ റാമോസ് റയലുമായി കരാര്‍ ഒപ്പുവെക്കുന്നത്. 

 

671 മത്സരങ്ങള്‍ റയലിനായി കളിച്ചു. പ്രതിരോധ താരമായിട്ടിരുന്നുകൂടി റയലിനായി 101 ഗോളുകള്‍ നേടാന്‍ താരത്തിനായി. 40 അസിസ്റ്റുകളുള്ള താരം റയലിനൊപ്പം 22 ട്രോഫികള്‍ സ്വന്തമാക്കി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധ താരവും റാമോസാണ്. 

റയലിനൊപ്പം നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളില്‍ റാമോസ് പങ്കാളിയായി. അഞ്ച് തവണ ലാ ലിഗ കിരീടങ്ങള്‍ക്കൊപ്പം രണ്ട് കോപ ഡെല്‍ റേയും നാല് സൂപ്പര്‍ കോപ്പയും താരം റയലിനൊപ്പം അക്കൗണ്ടില്‍ ചേര്‍ത്തു. മൂന്ന് സൂപ്പര്‍ കപ്പും നാല് ക്ലബ് വേള്‍ഡ് കപ്പും റാമോസ് റയലിനൊപ്പം നേടി.

ഇക്കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് മിക്ക മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തു. യൂറോ കപ്പിനുള്ള സ്‌പെയ്ന്‍ ടീമിലേക്കും താരത്തെ പരിഗണിച്ചിരുന്നില്ല. 

താരം എങ്ങോട്ടാണെന്ന് ഉറപ്പായിട്ടില്ല. കരിയര്‍ ആരംഭിച്ച സെവിയ്യ, ഫ്രഞ്ച് ക്ലബ് പിഎസ്ജി, പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബുകള്‍ റാമോസുമായി സംസാരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നു.

click me!