മിറന്‍ചുക് രക്ഷകനായി; ഫിന്‍ലന്‍ഡിന്റെ മറികടന്ന റഷ്യക്ക് യൂറോയില്‍ ആദ്യ പോയിന്റ്

By Web TeamFirst Published Jun 16, 2021, 8:41 PM IST
Highlights

ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടിരുന്നു ടീം. ഫിന്‍ലന്‍ഡിന്റെ ആദ്യ തോല്‍വിയാണിത്. ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ഫിന്‍ലന്‍ഡെത്തിയത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തില്‍ റഷ്യയ്ക്ക് ജയം. ആദ്യ പകുതിയില്‍ അലക്‌സി മിറന്‍ചുക് നേടിയ ഒരു ഗോളിനായിരുന്നു റഷ്യയുടെ ജയം. ഗ്രൂപ്പില്‍ റഷ്യയുടെ ആദ്യ ജയമായിരുന്നത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടിരുന്നു ടീം. ഫിന്‍ലന്‍ഡിന്റെ ആദ്യ തോല്‍വിയാണിത്. ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ഫിന്‍ലന്‍ഡെത്തിയത്. 

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ജോയന്‍ പൊഹന്‍പാലോയുടെ ഗോളില്‍ ഫിന്‍ലന്‍ഡ് മുന്നിലെത്തിയതാണ്. എന്നാല്‍ വാര്‍ പരിശോധിച്ചപ്പോള്‍ താരം ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. പിന്നീട് ഗോള്‍ പിറക്കുന്നത് വരെ ഇരു ടീമുകള്‍ക്കും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായിരുന്നില്ല. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് റഷ്യ മുന്നിലെത്തി. മിറാന്‍ചുക്കിന്റെ ഇടങ്കാലന്‍ ഷോട്ട് ഫിന്‍ലന്‍ഡ് ഗോള്‍ കീപ്പറെ മറികടന്ന് ഫാര്‍പോസ്റ്റിലേക്ക്. റഷ്യന്‍ ക്യാപ്റ്റന്‍ ആര്‍ട്ടേം സ്യൂബയുമൊത്തുള്ള വണ്‍ ടച്ച് പാസുകള്‍ക്ക് ശേഷമാണ് ഗോള്‍ പിറന്നത്.

രണ്ടാംപകുതിയില്‍ ഫിന്‍ലന്‍ഡ് ഗോള്‍ മടക്കാന്‍ നന്നായി പണിയെടുത്തെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ 72-ാം മിനിറ്റില്‍ റഷ്യന്‍ താരം കുസ്യേവിന്റെ ഷോട്ട് ഫിന്‍ലന്‍ഡ് കീപ്പര്‍ രക്ഷപ്പെടുത്തി. ജയത്തോടെ റഷ്യക്ക് രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റായി. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളും സജീവമായി.

click me!