
മിലാന്: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ എ സി മിലാന്‍റെ(AC Milan) കാത്തിരിപ്പിന് അവസാനം. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ സി മിലാൻ സെരി എയിൽ(Serie A) ചാമ്പ്യൻമാരായി. സസോളയ്ക്കെതിരെ(Sassuolo) അവസാന മത്സരത്തിനിറങ്ങുമ്പോൾ മിലാന് കിരീടം സ്വന്തമാക്കാൻ ഒരു പോയിന്‍റ് മതിയായിരുന്നു. എവേ മത്സരത്തിൽ രണ്ട് ഗോൾ നേടിയ ഒലിവർ ജിറൂദാണ്(Olivier Giroud) മിലാന്റെ ജയം അനായാസമാക്കിയത്. കെസിയ(Franck Kessie) മിലാന്‍റെ ഗോൾപട്ടിക പൂർത്തിയാക്കി. 86 പോയിന്റുമായാണ് മിലാൻ കിരീടം വീണ്ടെടുത്തത്. സെരി എയിൽ മിലാന്‍റെ പത്തൊൻപതാം കിരീടമാണിത്.
സെരി എ സീസണിലെ അവസാന മത്സരത്തിൽ ഇന്റർ മിലാന്‍ ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യൻമാരായിരുന്ന ഇന്റർ എതിരില്ലാത്ത മൂന്ന് ഗോളിന് സാംപ്ഡോറിയയെ തോൽപിച്ചു. യോക്വിം കൊറേയയുടെ ഇരട്ട ഗോൾ മികവിലാണ് ഇന്ററിന്റെ ജയം. ഇവാൻ പെരിസിച്ചാണ് ആദ്യ ഗോൾ നേടിയത്. 84 പോയിന്റുമായാണ് ഇന്റർ രണ്ടാം സ്ഥാനത്തെത്തിയത്.
പ്രീമിയര്‍ ലീഗില്‍ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റി നിലനിർത്തി. അവസാന റൗണ്ടിൽ ആസ്റ്റൺ വില്ലയെ തോൽപിച്ചാണ് സിറ്റി എട്ടാം കിരീടം സ്വന്തമാക്കിയത്. വോൾവ്സിനെ തോൽപിച്ചെങ്കിലും ഒരുപോയിന്റ് കുറവുള്ള ലിവർപൂളിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. അതും രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷം സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളാണ് സിറ്റി നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!