യൂറോപ്പ ലീഗ്: സെമിയില്‍ സെവിയ്യ- മാഞ്ചസ്റ്റര്‍ പോരാട്ടം, ഇന്റര്‍ ഷക്തറിനെ നേരിടും

By Web TeamFirst Published Aug 12, 2020, 10:23 AM IST
Highlights

17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും.

മ്യൂനിച്ച്: യുവേഫ യൂറോപ്പ ലീഗില്‍ സെമി ഫൈനല്‍ ലൈനപ്പായി. തകര്‍പ്പന്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. 17ന് നടക്കുന്ന ആദ്യ സെമിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും. 18ന് രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ ഉക്രെയ്‌നിന്റെ ഷക്തര്‍ ഡൊണസ്‌ക്കിനേയും നേരിടും.

ഇംഗ്ലീഷ് ടീമായ വോള്‍വ്‌സിനെ ഒരു ഗോളിന് വീഴ്ത്തിയാണ് സെവിയ്യ സെമിയിലെത്തിയത്. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുരുന്നു സെവിയ്യയുടെ ഗോള്‍. ലൂകാസ് ഒകാംമ്പോസാണ് ഗോള്‍ നേടിയത്. എവര്‍ ബനേഗയുടെ സഹായത്താലായിരുന്നു ഗോള്‍. നേരത്തെ വോള്‍വ്‌സിന് ലഭിച്ച പെനാല്‍റ്റി ജോസ് ജിമിനെസ് നഷ്ടമാക്കിയിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള എഫ്‌സി ബേസലിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഷക്തര്‍ സെമിയില്‍ കടന്നത്. ജൂനിയര്‍ മൊറെയ്‌സ്, ടൈസണ്‍, അലന്‍ പാട്രിക്, ഡോഡോ എന്നിവരാണ് ഷക്തറിന്റെ ഗോളുകള്‍ നേടിയത്. റിക്കി വാന്‍ വോള്‍വ്ഫ്‌വിങ്കലാണ് ബേസലിന്റെ ആശ്വാസഗോള്‍ നേടിയത്.

click me!