അർജന്റീന ജഴ്സിയിൽ ലിയോണൽ മെസി തന്റെ അവസാന മത്സരത്തിന് നാളെ ഇറങ്ങുന്നു. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. 21 വർഷം നീണ്ട ഫുട്ബോൾ കരിയറിലെ 208-ാം മത്സരത്തോടെയാണ് ഇതിഹാസ താരം വിടവാങ്ങുന്നത്.

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അര്‍ജന്റീനയ്ക്ക് ഇത് വെറുമൊരു മത്സരമല്ല, ഫുട്‌ബോള്‍ ചരിത്രത്തിനും. ബ്യൂണസ് അയേഴ്‌സിലെ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ലിയോണല്‍ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു. ഇതിഹാസ താരത്തിന്റെ ജന്‍മ നാടിനോടുള്ള 21 വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രണയകഥയിലെ അവസാന അധ്യായം.

ലോംഗ് വിസിലിന് ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ചരിത്രം രണ്ടായി പിളരും. മെസിക്ക് മുന്‍പും മെസിക്ക് ശേഷവും. 2005ല്‍ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മെസി ഇറങ്ങുന്നത് ഇരുന്നൂറ്റിയെട്ടാം മത്സരത്തിന്. ഇടങ്കാല്‍ വിസ്മയത്തില്‍ പിറന്നത് 125 ഗോള്‍. 68 അസിസ്റ്റ്. രണ്ട് കോപ്പയും ഫൈനലിസിമയും എല്ലാ വിമര്‍ശനങ്ങളും സംശയങ്ങളും ഉടച്ചുകളഞ്ഞ ലോകകപ്പും മെസിക്ക് സ്വന്തം. അര്‍ജന്റൈന്‍ ജഴ്‌സിയില്‍ മെസി മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത് 208-ാം മത്സരത്തിന്.

ഒറ്റക്കളിയിലും അര്‍ജന്റീന തോറ്റിട്ടില്ല. 22 ജയം ആറ് സമനില. ബൊളിവിയക്കെതിരായ ഹാട്രിക് ഉള്‍പ്പെടെ മെസി മാജിക്കില്‍ പിറന്നത് 19ഗോള്‍. ലോകകപ്പ് യോഗ്യതയുടെ അരികില്‍ പോലും എത്താത്ത ആഫ്രിക്കന്‍ ടീമായ ബെനിന്‍ ഒറ്റമത്സരത്തിലൂടെ ഫുട്‌ബോള്‍ ചരിത്രത്താളില്‍ മായാതെ നില്‍ക്കും. മെസ്സിയുടെ അവസാന എതിരാളികള്‍ എന്ന വിശേഷണത്തോടെ.

YouTube video player